ആലപ്പുഴ : സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ജില്ലയിലെ ചുങ്കം – തിരുമല റോഡ്, പുന്നമട ഫിനിഷിങ് പോയിന്റിലേക്കുള്ള നടപ്പാത എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2018ല്‍ ആരംഭിച്ച ചുങ്കം- തിരുമല റോഡിന്റെ നിര്‍മ്മാണ ജോലികള്‍ക്കായി 97 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ 500 മീറ്റര്‍ നടപ്പാതയുടെ നിര്‍മ്മാണത്തിന് 87 ലക്ഷം മാത്രമാണ് ചെലവായത്. ഇന്റര്‍ ലോക്ക് ഉള്‍പ്പടെ പാകി 400 മീറ്റര്‍ സൗന്ദര്യവല്‍ക്കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് 100 മീറ്റര്‍ കൂടി കൂട്ടുകയായിരുന്നു. ബാക്കി വന്ന തുക സര്‍ക്കാരിലേക്ക് തിരികെ നല്‍കും. നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റിലേക്കുള്ള നടപ്പാതയുടെ സൗന്ദര്യ വല്‍ക്കരണത്തിനായി 94 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ടൂറിസം മേഖലയുടെ വികസനത്തിന് പുറമേ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുകയാണ് ചുങ്കം – തിരുമല റോഡിന്റെ സൗന്ദര്യവല്‍ക്കരണം. പ്രദേശവാസികള്‍ക്ക് നഗരത്തിലേക്ക് എത്താനുള്ള പ്രധാന വഴി കൂടിയാണ് റോഡ് നിര്‍മ്മാണത്തിലൂടെ സാധ്യമായിരിക്കുന്നത്. റോഡ് നേരത്തെ ഉള്ളതിനേക്കാള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി ഇരുവശങ്ങളും കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ടാണ് ബലപ്പെടുത്തിയിട്ടുള്ളത്. ഇത് മഴക്കാലത്ത് വെള്ളപ്പൊക്കം തടയാനും സാധിക്കും.
ചടങ്ങില്‍ പൊതുമരാമത്ത് – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനകാര്യ- കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്, എ എം ആരിഫ് എം പി, ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാല കിരണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ടൂറിസം ഉപ ഡയറക്ടര്‍ അഭിലാഷ്, ഹൗസ് ബോട്ട് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
