വിനോദസഞ്ചാര മേഖലയിലെ ഉണര്‍വ്വ് കോവിഡാനന്തര കാലത്തെ മുന്നേറ്റത്തെ ശക്തിപ്പെടുത്തും – എം മുകേഷ് എം എല്‍ എ


കൊല്ലം: വിനോദസഞ്ചാര മേഖലയിലെ പുത്തന്‍ ഉണര്‍വ്വും നവീന കാഴ്ചപ്പാടുകളിലൂന്നിയ വികസന പ്രവര്‍ത്തനങ്ങളും കോവിഡാനന്തര കാലത്തെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുമെന്ന് എം മുകേഷ് എം എല്‍ എ. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ച നവീകരണം പൂര്‍ത്തിയായ കൊല്ലം ബീച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ മുഖ്യാഥിതികളായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.

1.57 കോടി രൂപാ ചെലവില്‍ സഞ്ചരികള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയാണ് കൊല്ലം ബീച്ച് നവീകരിച്ചത്. പരിസ്ഥിതി സൗഹാര്‍ദ്ദവും മാലിന്യമുക്തവുമായ അന്തരീക്ഷത്തിന്  നവീകരണത്തില്‍ പ്രമുഖ്യം നല്‍കി.
ജില്ലയുടെ പൈതൃക ജൈവവൈവിധ്യങ്ങള്‍ക്ക് പോറലേല്‍ക്കാത്തവിധം വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.കോവിഡ് പ്രതിസന്ധികളില്‍ നിന്നും അനുകൂല സാഹചര്യങ്ങള്‍ കണ്ടെത്തി വിനോദസഞ്ചാര മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന നിര്‍ദേശമാണ് കെ സോമപ്രസാദ് എം പി നല്‍കിയത്.