തൃശ്ശൂർ: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം ഒരുക്കാൻ സ്ഥലമായി. പൊലീസ് സ്റ്റേഷന് വേണ്ടി 28 സെന്റ് സ്ഥലമാണ് ആളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു കുടുംബം കൈമാറിയത്. കല്ലേറ്റുംകരയിലെ ബാബു സെബാസ്റ്റ്യൻ പനംകൂടനും ഭാര്യ ഷേർലിയും മാതാപിതാക്കളായ പി പി സെബാസ്റ്റ്യൻ, നെയ്ത്തി സെബാസ്റ്റ്യൻ എന്നിവരുടെ സ്മരണാർഥം പൊലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടുനൽകുകയായിരുന്നു.

ആളൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 28 സെന്റ് സ്ഥലത്തിന്റെ ആധാരവും അനുബന്ധ രേഖകളും സർക്കാരിന് വേണ്ടി റൂറൽ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ ഏറ്റു വാങ്ങി. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയായി. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.