ആലപ്പുഴ : അസത്യ പ്രസ്താവനകൾ നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ മെഡിക്കൽ കോളേജ് സൂപ്രണ്ട് അമ്പലപ്പുഴ പോലീസിന് പരാതി നൽകി. കോവിഡ് രോഗികളുടെ ചികിത്സാ വാർഡിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയെ അപമാനിക്കുന്ന രീതിയിൽ അസത്യ പ്രസ്താവനകൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്തിനെതിരെയാണ് പരാതി നൽകിയത്.

വീഡിയോയിൽ കാണുന്ന ചെറുപ്പക്കാരൻ അത്യന്തം അസത്യവും അപമാനകരവുമായ പ്രസ്താവനകളാണ് നടത്തിയിരിക്കുന്നതെന്ന് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വീഡിയോ ചിത്രീകരിക്കുന്ന ആൾ പലതവണയായി കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി ഒരു ഡോക്ടർമാരും ഇവിടെ തിരിഞ്ഞുനോക്കുന്നില്ല എന്ന് പറയുന്നത് തികച്ചും അസത്യമാണെന്നും അസിസ്റ്റന്റ് പ്രൊഫസർ മുതൽ ഹൗസ് സർജൻമാർ വരെയുള്ളവർ ദിവസേന കോവിഡ് ചികിത്സാ വാർഡുകളിൽ റൗണ്ട്സിനു ചെല്ലാറുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കൂടാതെ അവശ്യ ഘട്ടങ്ങളിൽ ഫോൺ അറ്റൻഡ് ചെയ്ത് ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്. വസ്തുത ഇതായിരിക്കെ അസത്യ പ്രസ്താവനകളാണ് വീഡിയോയില്‍ നടത്തുന്നത്. ഇത്തരം അസത്യ പ്രസ്താവനകൾ ജനങ്ങളിൽ അനാവശ്യ ഭീതിയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെക്കുറിച്ച് അവിശ്വാസം ഉണ്ടാക്കുന്നതാണെന്നും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയിൽ പറയുന്നു.

കോവിഡ് വാർഡിലെ ഭക്ഷണം ആലപ്പുഴ ജില്ലാ പഞ്ചായത്താണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ എട്ടുമാസമായി ദിവസേന 3 നേരം അഞ്ഞൂറോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചെറിയ പരാതികൾ അപ്പോൾ തന്നെ പരിഗണിക്കുന്നുമുണ്ട്. ഇത് സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം നടത്തിയ പ്രസ്താവന ആയിട്ടാണ് കാണുന്നതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കുടിവെള്ളം ലഭിച്ചില്ലെന്ന പരാതിയും അസത്യമാണ്. കോവിഡ് വാർഡുകളിലേക്ക് ആലപ്പുഴ മിൽമയിൽ നിന്നും ദിവസേന ഏകദേശം 300കുപ്പി കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ ആർ ഒ പ്ലാനിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. വാർഡിൽ പ്രവേശിപ്പിച്ചതിനുശേഷം കോവിഡ് പിടിപെട്ടു എന്ന് ഒരു വ്യക്തി പ്രസ്താവിക്കുന്നുണ്ട്. എന്നാൽ കോവിഡ് പോസിറ്റീവായവരെ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് അസത്യവും ജനങ്ങളിൽ ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതാണ്. കോവിഡിനെതിരെ ആത്മാർത്ഥമായി പൊരുതുന്നതിനിടയിൽ ഇത്തരം പ്രചരണങ്ങൾ ജീവനക്കാരുടെ ആത്മവിശ്വാസം കുറയാൻ കാരണമാകുമെന്നും അസത്യമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോലീസിനു നൽകിയ പരാതിയിൽ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.