ചാവക്കാട് നഗരസഭയിൽ 1.42 കോടിയുടെ വിവിധ വികസന പദ്ധതികൾക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. പൂക്കുളം പുനരുദ്ധാരണത്തിന്റെ രണ്ടാംഘട്ടം, സ്ത്രീകളുടെ ഹെൽത്ത് ക്ലബ്ബ്, ഖരമാലിന്യ പ്ലാന്റ്, ചുറ്റുമതിൽ, സഹകരണ റോഡ് മതിൽ നിർമ്മാണം, മൃഗാശുപത്രി അറ്റകുറ്റപണി, അങ്കണവാടികളുടെ പുനരുദ്ധാരണം, താലൂക്ക് ആശുപത്രി കെട്ടിടം പെയിന്റിംഗ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്.

നഗരസഭയിലെ പി പി സൈദ് മുഹമ്മദ് സാഹിബ് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് ആദ്യഘട്ടമായി 45 ലക്ഷവും, നഗരത്തിലെ തെരുവ് വിളക്കുകൾ ‘മിഠായിതെരുവ് മോഡലിൽ’ സ്ഥാപിക്കുന്നതിനായി 14.90 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകൾ അംഗീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ആധുനിക അലക്കു കേന്ദ്ര യൂണിറ്റിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് 160 കെവിഎ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിലേക്ക് 9.53 ലക്ഷം വകയിരുത്തി. നഗരസഭയുടെ ആയുർവേദ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആധുനിക ഡിജിറ്റൽ ടോക്കൺ സിസ്റ്റം, മുതുവട്ടൂർ ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരത്തിലേക്ക് ഫർണിച്ചർ വിതരണം, നഗരസഭയുടെ 1, 2, 8, 10, 16, 18 എന്നീ വാർഡുകളിലെ പൊതുവഴി ഏറ്റെടുത്ത് നിർമിക്കൽ, പരപ്പിൽ താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ട് സമീപം ശേഖരിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ടെൻഡർ നടപടികൾ സ്വീകരിക്കുക എന്നീ പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി.

നഗരസഭാ ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ എച്ച് സലാം, എ എ മഹേന്ദ്രൻ, എം ബി രാജലക്ഷ്മി, സഫൂറ ബക്കർ, എ സി ആനന്ദൻ, കൗൺസിൽ അംഗങ്ങളായ എ എച്ച് അക്ബർ, കാർത്ത്യായനി ടീച്ചർ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.