മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും എളവള്ളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ മുരളി പെരുനെല്ലി എംഎൽഎ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിർമിച്ചത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 16 ലക്ഷവും എളവള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും 8 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പഞ്ചായത്തിലെ എട്ടാം വാർഡിൽ വനിതാ വ്യവസായ എസ്റ്റേറ്റിൽ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം, യന്ത്രം സ്ഥാപിക്കൽ ഉൾപ്പെടെചുമതല പാലക്കാട് മുണ്ടൂർ ഐ ആർ ടി സിക്കായിരുന്നു. ഇതോടു ചേർന്ന് ഗ്രാമപഞ്ചായത്തിന്റെ ഒമ്പത് ലക്ഷം രൂപ വിനിയോഗിച്ച് അജൈവ മാലിന്യ സംഭരണ കേന്ദ്രവും നിർമിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തിന് കീഴിൽ രൂപീകരിച്ച എട്ട് പേരടങ്ങുന്ന ഹരിത കർമ്മ സേനാംഗങ്ങൾ 16 വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ സെന്റർ വഴി വേർതിരിക്കും. തുടർന്ന് അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള ബെയ്‌ലിംഗ് മെഷീനിലൂടെയും ഷ്രെഡിങ് മെഷീനിലൂടെയും പെല്ലെറ്റ് രൂപത്തിലാക്കി പൊടിച്ചെടുക്കും. ഇവ റോഡ് ടാറിംഗിന് ഉപയോഗപ്പെടുത്തുകയോ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയോ ചെയ്യും.
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ വീടുകളിൽ നിന്നും 30 രൂപയും കച്ചവട സ്ഥാപനങ്ങളിൽ നിന്നും 50 രൂപയുമാണ് ഈടാക്കുക. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് തുടക്കത്തിൽ ശേഖരിക്കുന്നത്. വൈകാതെ മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. ഇതിന് പുറമെ പ്രാരംഭ ഘട്ടത്തിൽ ഹരിത കർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾക്കായി 3.5 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും ലഭ്യമാക്കുന്നുണ്ട്.

ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക ടീച്ചർ മുഖ്യാതിഥിയായി സംസാരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാ പരമേശ്വരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സദാനന്ദൻ, പഞ്ചായത്തിലെ ചുമതലപ്പെടുത്തിയ ഹരിത കർമ്മ സേനാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.