അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പച്ചത്തുരുത്തിന്റെ മികവിനുള്ള ആദരവും ഉപഹാര സമർപ്പണവും വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.  പടിയൂരിൽ പാറക്കടവ്, പടിയൂർ ഇറിഗേഷൻ സൈറ്റ്, മാങ്കുഴി കോളനി എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് നിർമ്മിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ജലസംഭരണിയോടു ചേർന്നു കിടക്കുന്ന തരിശായ പുഴ പുറമ്പോക്ക് ഭൂമി കൂടുതലായി കണ്ടുവരുന്ന പ്രദേശമാണിത്.

പാറക്കടവിൽ 20 സെന്റ് ഭൂമിയിൽ വിവിധയിനം നാട്ടുമാവുകളുടേയും നാടൻ പ്ലാവുകളുടേയും തൈകളാണ് വെച്ചുപിടിപ്പിച്ചത്. കൊവിഡ് കാലത്ത് പഞ്ചായത്ത് പ്രദേശത്തെ വീടുകളിലെ  വീട്ടമ്മമാർ സ്വന്തമായി നട്ടുവളർത്തിയ തൈകളാണ് ഇതിനായി ഉപയോഗിച്ചത്.
പഴയ സാരികളും ജീൻസ് പാന്റുകളും ഉപയോഗിച്ച് തയ്യാറാക്കിയ സഞ്ചികളിലാണ്  തൈകൾ ഉല്പാദിപ്പിക്കുന്നതിനായി വിത്ത് പാകിയത്. ഇതിനു പുറമെ കവുങ്ങിൻപാളകൾ ഉപയോഗിച്ച് നിർമ്മിച്ച കൊട്ടകളിലും ചിരട്ടകളിലും ചകിരിക്കത്തും വിത്തു മുളപ്പിച്ച് തൈകൾ ഉൽപാദിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവയുടെ നടീൽ ജോലികൾ നിർവ്വഹിച്ചത്. ചെടികൾ നടുന്നതിനും തുടർന്നുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്കും സന്നദ്ധ സംഘടനയുടെ സഹായവും ലഭ്യമായി.

പടിയൂർ ടൗണിനു സമീപത്തായി പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണപ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന ജലസേചനവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പച്ചത്തുരുത്ത്. നാടൻ പ്ലാവുകളുടെ 600 ലേറെ തൈകളാണ് ഇവിടെ നട്ടത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ  താമസിക്കുന്ന മാങ്കുഴി  കോളനിയിൽ 50 സെന്റ് സ്ഥലത്ത് മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്.

ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി വസന്തകുമാരി അധ്യക്ഷയായി. ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ  ഇ കെ സോമശേഖരൻ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എം അനിൽ കുമാർ, പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി രാജീവൻ, കെ അനിത, അംഗങ്ങളായ റീന ടീച്ചർ, സി പ്രസന്ന, സെക്രട്ടറി അനിൽ രാമകൃഷ്ണൻ,  വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.