തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ യുവജനങ്ങളിൽ കായിക മത്സരാഭിമുഖ്യം വളർത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ തീരദേശ സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. 18 വയസുവരെയുള്ള ആൺകുട്ടികൾക്കായി ഫുട്‌ബോൾ, ബീച്ച് വോളിബോൾ മത്സരവും പെൺകുട്ടികൾക്കായി ബാഡ്മിന്റൺ, ബീച്ച് വോളിബോൾ മത്സരങ്ങളും ലീഗിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
തീരദേശ മേഖലയിലെ മത്സ്യഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണൽ മത്സരങ്ങൾ നടത്തും. സോണൽ മത്സരവിജയികൾ ജില്ലാതല മത്സരത്തിൽ മാറ്റുരയ്ക്കും. വിവിധ മത്സരങ്ങളിൽ ഒന്നാമതെത്തുന്നവർ ലീഗ് ജേതാക്കളാകും. തീരദേശ സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ കൂടിയ പ്രഥമ ആലോചന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
തീരദേശ മേഖലയിലെ വിദ്യാർഥികളടക്കമുള്ള യുവജനങ്ങൾക്ക് സ്‌പോർട്‌സിൽ പ്രചോദനമേകുന്നതിനായി വിവിധ സന്നദ്ധസംഘടനകളുടെയും സ്‌പോർട്‌സ് കൗൺസിലിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും ഫിഷറീസ് അടക്കമുള്ള വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി ലീഗ് സംഘടിപ്പിക്കുക.
കൊല്ലങ്കോട് തെക്ക്, പരുത്തിയൂർ, പൂവാർ, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങൾ ഉൾപ്പെട്ടതാണ് എ സോൺ. ബി സോണിൽ ചൊവ്വര, വിഴിഞ്ഞം വടക്ക്, വിഴിഞ്ഞം തെക്ക്, കോവളം, പനന്തുറ, പൂന്തുറ, ബീമാപള്ളി എന്നിവ ഉൾപ്പെടുന്നു. ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണന്തുറ, വെട്ടുകാട് എന്നീ തീരദേശഗ്രാമങ്ങളടങ്ങുന്നതാണ് സി സോൺ. കൊച്ചുവേളി, പള്ളിത്തുറ, വലിയവേളി, വെട്ടുതുറ, പുത്തൻതോപ്പ്, വെട്ടിയതുറ, മരിയനാട് എന്നിവയുൾപ്പെട്ടതാണ് ഡി സോൺ. ഇ സോണിൽ പുതുകുറിച്ചി, പെരുമാതുറ, താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി എന്നിവയും എഫ് സോണിൽ കൈക്കര, അരിവാളം, വെട്ടൂർ, ചിലക്കൂർ, ഓടയം, ഇടവ എന്നീ തീരദേശഗ്രാമങ്ങളും ഉൾപ്പെടുന്നു. ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ക്ലബുകളിൽനിന്നോ അല്ലാതെയോ ഉള്ള ടീമുകളാകും സോണൽ മത്സരങ്ങളിൽ മത്സരിക്കുക.
മത്സരത്തിന്റെ നടത്തിപ്പിനായി സോണൽ തലത്തിൽ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക സമിതികൾ ഏപ്രിൽ 10നകം രൂപീകരിക്കാൻ കളക്ടർ നിർദേശം നൽകി. അഞ്ചുപേരടങ്ങുന്ന കോർ കമ്മിറ്റിയിൽ രണ്ടു പേർ വനിതകളായിരിക്കണം. സമ്മാനങ്ങൾ നൽകാനും നടത്തിപ്പിനുമുള്ള ചെലവ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം. ലീഗിന്റെ പ്രചരണാർഥം 30 വയസുവരെയുള്ള മത്സ്യത്തൊഴിലാളികൾക്കായി ശംഖുംമുഖത്ത് കടലിൽ നീന്തൽമത്സരവും സംഘടിപ്പിക്കും.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, ഡിവൈ.എസ്.പി. എസ്. ശ്യാംലാൽ, ഡി.റ്റി.പി.സി. സെക്രട്ടറി, ജി. ജയകുമാരൻ നായർ, തഹസിൽദാർ എൻ. രാജു, ജെ. സുരേഷ് ബാബു, എ.എം. നിസാം, ആർ. സരള കുമാരി, എം. ശ്രീകുമാർ, അമല ഷാജി, ജാക്‌സൺ തുമ്പക്കാരൻ, സൂരജ് ഖാൻ, കെ. സുരേഷ്, ജോയ് ഡിക്രൂസ്, തദയൂസ് പൊന്നയ്യൻ, വിപിൻദാസ്, ജോൺസൺ, ജിമ റോസ്,റോബിൻസൺ, ജെ. ജോൺ എന്നിവർ പങ്കെടുത്തു.