അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്) രജിസ്‌ട്രേഷന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു. ആദ്യ രജിസ്‌ട്രേഷന്‍ ക്യാമ്പും ബോധവല്‍കരണ ക്ലാസും മീനങ്ങാടിയില്‍ സംഘടിപ്പിച്ചു. അംഗങ്ങളാകുന്നവര്‍ക്ക് പ്രതിവര്‍ഷം 15000 രൂപയുടെ സൗജന്യ ചികിത്സയും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്ന തൊഴിലുടമകള്‍ മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ചേര്‍ക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.പി.സുനിത അറിയിച്ചു. ക്യാമ്പില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സുരേഷ്, അസി.ലബര്‍ ഓഫീസര്‍ രാഘവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ലീഗല്‍ വളണ്ടിയര്‍മാര്‍ വി.ഡി.രാജു, പി.ആര്‍. ദീപിക, ബീന വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
അടുത്ത ക്യാമ്പ് മാര്‍ച്ച് 26ന് മീനങ്ങാടി വ്യാഭാര ഭവനില്‍ നടക്കും. രജിസ്‌ട്രേഷനെത്തുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവരണം.