ജില്ലയിൽ വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകൾക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളിൽ മാത്രമോ ആക്കണം. രണ്ടോ മൂന്നോ കുടുംബാംഗങ്ങളെ മാത്രം ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.

പൊതുസ്ഥലങ്ങളിൽ ചടങ്ങുകളോ ആഘോഷങ്ങളോ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരു കാരണവശാലും വീടുകൾക്കു പുറത്ത് ആഘോഷങ്ങൾ നടത്തരുത്. 65 വയസിനു മുകളിലുള്ളവർ, അസുഖങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ തുടങ്ങിയവർ വീടുകളിൽത്തന്നെ കഴിയണം.

വിദ്യാരംഭ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഒരേ സമയം 40 പേരിൽ കൂടുതൽ ഉണ്ടാകരുത്. തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കണം. വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കേണ്ടതു നിർബന്ധമാണ്. സംഘാടകർ ഇതിനായി ബാരിയറുകൾ, തറയിൽ അടയാളമിടൽ തുടങ്ങിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

കൈകൾ ഇടയ്ക്കിടെ കഴുകണം. ചെറിയ പനിയോ ജലദോഷമോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവർ ചടങ്ങുകളിൽനിന്ന് അകന്നു നിൽക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ സ്പർശിക്കുന്ന ഇടങ്ങൾ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ഉടൻ ശുചിയാക്കുന്നതിൽ സംഘാടകർ പ്രത്യേക ശ്രദ്ധ വയ്ക്കണം. എഴുത്തിനിരിക്കുന്ന കുട്ടികളുടെ നാവിലെഴുതുമ്പോഴും അതീവ ജാഗത പാലിക്കണം. ചടങ്ങിൽ പങ്കെടുന്ന മുഴുവൻ ആളുകളുടേയും വിലാസവും ഫോൺ നമ്പരും എഴുതി സൂക്ഷിക്കണമെന്നും കളക്ടർ അറിയിച്ചു.