തിരുവനന്തപുരം: പുതുതലമുറയെ ആകർഷിക്കാൻ തക്ക ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ സഹകര ബാങ്കുകൾക്കു കഴിയണമെന്ന് സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുണ്ടേല സർവീസ് സഹകരണ ബാങ്കിന്റെ പുതുതായി ആരംഭിച്ച പ്രഭാത-സായാഹ്ന ശാഖയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ സഹകരണ ബാങ്കുകളുടെ സേവനം ഉപയോഗിക്കുന്ന ചെറുപ്പക്കാർ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ്. ഇത് മാറണമെങ്കിൽ ബാങ്കിംഗ് സേവനങ്ങൾ ആധുനികവൽക്കരിക്കണം. സ്മാർട്ട് ആയിട്ടുള്ള സേവനങ്ങൾ ഏർപ്പെടുത്തുന്നത് ഇടപാടുകാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ എസ്.എം.എസ് ബാങ്കിംഗ് സേവനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

സുഭിക്ഷ കേരളം വായ്പാ പദ്ധതിയുടെ ഉദ്ഘാടനം കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ നിർവഹിച്ചു. കെ. എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മുണ്ടേല സഹകരണ ബാങ്ക് പ്രസിഡന്റ്‌ സനൽ കുമാർ.കെ സ്വാഗതം പറഞ്ഞു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഐ.മിനി, വെള്ളനാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്. പ്രീത, ജോയിന്റ് രജിസ്ട്രാർ ജനറൽ ഇ.നിസാമുദ്ദീൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സുരേഷ്.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുണ്ടേല സഹകരണ ബാങ്ക് മാനേജർ ബി. രാധാകൃഷ്ണൻ നായർ കൃതജ്ഞത രേഖപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.