– തീരഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണല്‍ മത്സരവും
ജില്ലാതല മത്സരവും
– ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി
ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ ബാഡ്മിന്റണ്‍ മത്സരം
തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ യുവജനങ്ങളില്‍ കായിക മത്സരാഭിമുഖ്യം വളര്‍ത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തീരദേശ സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. 18 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ മത്സരവും പെണ്‍കുട്ടികള്‍ക്കായി ബാഡ്മിന്റണ്‍, ബീച്ച് വോളിബോള്‍ മത്സരങ്ങളും ലീഗിനോടനുബന്ധിച്ച് സംഘടിപ്പിക്കും. തീരദേശ മേഖലയിലെ മത്സ്യഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണല്‍ മത്സരങ്ങള്‍ നടത്തും. സോണല്‍ മത്സരവിജയികള്‍ ജില്ലാതല മത്സരത്തില്‍ മാറ്റുരയ്ക്കും. വിവിധ മത്സരങ്ങളില്‍ ഒന്നാമതെത്തുന്നവര്‍ ലീഗ് ജേതാക്കളാകും. തീരദേശ സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ പ്രഥമ ആലോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
തീരദേശ മേഖലയിലെ വിദ്യാര്‍ഥികളടക്കമുള്ള യുവജനങ്ങള്‍ക്ക് സ്‌പോര്‍ട്‌സില്‍ പ്രചോദനമേകുന്നതിനായി വിവിധ സന്നദ്ധസംഘടനകളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും ഫിഷറീസ് അടക്കമുള്ള വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഏപ്രില്‍, മേയ് മാസങ്ങളിലായി ലീഗ് സംഘടിപ്പിക്കുക.
കൊല്ലങ്കോട് തെക്ക്, പരുത്തിയൂര്‍, പൂവാര്‍, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണ് എ സോണ്‍. ബി സോണില്‍ ചൊവ്വര, വിഴിഞ്ഞം വടക്ക്, വിഴിഞ്ഞം തെക്ക്, കോവളം, പനന്തുറ, പൂന്തുറ, ബീമാപള്ളി എന്നിവ ഉള്‍പ്പെടുന്നു. ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണന്തുറ, വെട്ടുകാട് എന്നീ തീരദേശഗ്രാമങ്ങളടങ്ങുന്നതാണ് സി സോണ്‍. കൊച്ചുവേളി, പള്ളിത്തുറ, വലിയവേളി, വെട്ടുതുറ, പുത്തന്‍തോപ്പ്, വെട്ടിയതുറ, മരിയനാട് എന്നിവയുള്‍പ്പെട്ടതാണ് ഡി സോണ്‍. ഇ സോണില്‍ പുതുകുറിച്ചി, പെരുമാതുറ, താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി എന്നിവയും എഫ് സോണില്‍ കൈക്കര, അരിവാളം, വെട്ടൂര്‍, ചിലക്കൂര്‍, ഓടയം, ഇടവ എന്നീ തീരദേശഗ്രാമങ്ങളും ഉള്‍പ്പെടുന്നു. ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ക്ലബുകളില്‍നിന്നോ അല്ലാതെയോ ഉള്ള ടീമുകളാകും സോണല്‍ മത്സരങ്ങളില്‍ മത്സരിക്കുക.
മത്സരത്തിന്റെ നടത്തിപ്പിനായി സോണല്‍ തലത്തില്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക സമിതികള്‍ ഏപ്രില്‍ 10നകം രൂപീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. അഞ്ചുപേരടങ്ങുന്ന കോര്‍ കമ്മിറ്റിയില്‍ രണ്ടു പേര്‍ വനിതകളായിരിക്കണം. സമ്മാനങ്ങള്‍ നല്‍കാനും നടത്തിപ്പിനുമുള്ള ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം. ലീഗിന്റെ പ്രചരണാര്‍ഥം 30 വയസുവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കായി ശംഖുംമുഖത്ത് കടലില്‍ നീന്തല്‍മത്സരവും സംഘടിപ്പിക്കും.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഡിവൈ.എസ്.പി. എസ്. ശ്യാംലാല്‍, ഡി.റ്റി.പി.സി. സെക്രട്ടറി, ജി. ജയകുമാരന്‍ നായര്‍, തഹസില്‍ദാര്‍ എന്‍. രാജു, ജെ. സുരേഷ് ബാബു, എ.എം. നിസാം, ആര്‍. സരള കുമാരി, എം. ശ്രീകുമാര്‍, അമല ഷാജി, ജാക്‌സണ്‍ തുമ്പക്കാരന്‍, സൂരജ് ഖാന്‍, കെ. സുരേഷ്, ജോയ് ഡിക്രൂസ്, തദയൂസ് പൊന്നയ്യന്‍, വിപിന്‍ദാസ്, ജോണ്‍സണ്‍, ജിമ റോസ്,റോബിന്‍സണ്‍, ജെ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.