കുട്ടനെല്ലൂർ ഗവ. സി അച്യുതമേനോൻ ഗവ. കോളേജിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. രാഷ്ട്രീയ ഉച്ചാഡാർ ശിക്ഷ അഭിയാൻ (ആർയുഎസ്എ) പദ്ധതി പ്രകാരമാണ് സ്‌റ്റേഡിയം നിർമിച്ചത്. 70 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.
6.20 കോടി രൂപ കിഫ്ബി പദ്ധതി സഹായത്തോടെ നിർമിക്കുന്ന അക്കാദമിക് ബ്ലോക്ക്, 1.40 കോടി രൂപ ചെലവിൽ കാന്റീൻ, 2.93 കോടി ചെലവിൽ ഹോസ്റ്റൽ, സംസ്ഥാന ഫണ്ട് മൂന്ന് കോടി രൂപ ഉപയോഗിച്ച് ലൈബ്രറി, 1.25 കോടി രൂപ ചെലവിൽ റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ വിശിഷ്ടാതിഥിയായി. തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ, വാർഡ് കൗൺസിലർ ശശിധരൻ എം എൻ, കോളേജ് പ്രിൻസിപ്പൽ അംബിക പി വി എന്നിവർ പങ്കെടുത്തു.