ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹ്യ നീതിയും ഇവിടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോളേജുകളും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 64 കോടി രൂപ ചെലവിൽ 42 സ്ഥാപനങ്ങൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട്‌ ക്ലാസ് റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ സൗകര്യം, കമ്യൂണിറ്റി സ്‌കിൽ സെന്ററുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി പണി പൂർത്തീകരിച്ചിട്ടുള്ളത്. സർക്കാർ എയ്‌ഡഡ്‌ കോളേജുകൾക്ക് നാക്ക് സർട്ടിഫിക്കേഷൻ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ആകെ 29 കോളേജുകൾക്ക് മാത്രമാണ് നാക്ക് അംഗീകാരമുള്ളത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാവണം എന്ന ലക്ഷ്യവുമായാണ് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം സർക്കാർ ഉറപ്പ് വരുത്തുന്നത്. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി സർവകലാശാല ആരംഭിച്ചു, മലയാളം സർവകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തു, സർക്കാർ ആർട്സ് കോളേജുകളിൽ 562 അധ്യാപക നിയമങ്ങളും 436 അനധ്യാപക നിയമനങ്ങളും സാധ്യമാക്കി. പുതിയതായി മൂന്നു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, അഞ്ചു എയ്‌ഡഡ്‌ ആർട്സ് ആൻഡ് സയൻസ് കോളേജുകളും ആരംഭിച്ചു. സർക്കാർ കോളേജുകളിൽ ബിരുദ ബിരുദാനന്തര വിഭാഗങ്ങളിലായി 59 കോഴ്സുകളും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ സ്വാശ്രയ കോളേജുകളിൽ പുതിയ യു ജി, പി ജി കോഴസുകളും അനുവദിച്ചു. ഇതിന്റെ ഭാഗമായി യു ജി, പി ജി തലത്തിൽ 20000 സീറ്റുകളുടെ വർദ്ധനവുണ്ടായത് ചരിത്ര നേട്ടമായി കണക്കാക്കാം. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്നു തന്നെ നല്ല രീതിയിൽ ഉപരിപഠനം ഓൺലൈനായി നടപ്പിൽ കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ രീതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പറയുന്നു. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് കിട്ടിയ അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ കോളേജിൽ റൂംസ ഫണ്ട് 2 കോടി 12 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. 650000 രൂപ ചിലവിൽ ഗേൾസ് അമിനിറ്റി സെന്റർ, ബി ബ്ലോക്ക്‌ രണ്ടാം നില, കുളം, 50000 ലിറ്റർ സംഭരണ ശേഷി വരുന്ന വാട്ടർ ടാങ്ക്, മഴവെള്ള സംഭരണി, ഫിസിക്സ് കെമിസ്ട്രി ലബോറട്ടറി എന്നിവയും നിലവിലുള്ള കിണർ, എക്‌സാമിനേഷൻ ഹാൾ, സ്മാർട്ട്‌ ക്ലാസ് റൂം, ജനറൽ ലൈബ്രറി എന്നിവയുടെ നവീകരണവും പുതിയതായി വാങ്ങിയ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്, യു പി എസ് പ്രിന്ററുകൾ തുടങ്ങിയ സൗകര്യങ്ങളും ഇതിൽപ്പെടുന്നു.

ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ, കോളേജ് പ്രിൻസിപ്പൽ എൻ എ ജോമോൻ, എക്കണോമിക്സ് വിഭാഗം മേധാവി ഷിന്റോ എം കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.