ക്ഷയരോഗത്തിനെതിരെ സമൂഹം ഒരുമിക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ. എ പറഞ്ഞു. നഗരസഭാ ടൗൺ ഹാളിൽ ലോക ക്ഷയരോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പരിപാടിയുടെ മുന്നോടിയായി ഹെഡ് പോസ്റ്റോഫിസ് പരിസരത്തു നിന്നു തുടങ്ങിയ ബോധവത്കരണ റാലി എം.ബി രാജേഷ് എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി റീത്ത അധ്യക്ഷയായ പരിപാടിയിൽ നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ക്ഷയരോഗത്തിനെതിരെയുളള പ്രചാരണ സ്റ്റാംപിന്റെ ആദ്യ വിത്പന നടത്തി. ജില്ലാ കലക്റ്റർ ഡോ. പി. സുരേഷ് ബാബു ക്ഷയരോഗ പ്രതിരോധ പ്രതിജ്ഞ ചൊല്ലികൊടുത്തു. അസി. സൂപ്രണ്ട് ഓഫ് പൊലീസ് വൈഭവ് സക്‌സേന ക്ഷയരോഗ സന്ദേശം നൽകി. ജില്ലയിൽ ക്ഷയരോഗ പ്രതിരോധ പ്രവർത്തനം മികച്ച രീതിയിൽ നടത്തിയ ആരോഗ്യ പ്രവർത്തകരെ ചലച്ചിത്ര താരം അജു വർഗീസ് ആദരിച്ചു. ഡി.വൈ.എസ്.പി ജി.ഡി വിജയകുമാർ, ജില്ലാ റ്റി.ബി ഓഫീസർ ഡോ. എ.കെ അനിത, ടി.ബി.അസോസിയേഷൻ വൈസ് ചെയർമാൻ കിദർ മുഹമ്മദ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി ജീവനക്കാർ, മെഡിക്കൽ വിദ്യാർഥികൾ പങ്കെടുത്തു.പരിപാടിയോടനുബന്ധിച്ച് കല്ലേക്കാട് രാജീവ് ഗാന്ധി കോപ്പറേറ്റീവ് കോളെജിലേയും പഴമ്പാലക്കോട് ജെ.എച്ച്.ഐ ട്രെയിനിങ് കോളെജിലെയും വിദ്യാർഥികൾ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗികളുളളത് പാലക്കാടാണ്. ആറ് യൂനിറ്റുകളിലായാണ് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. 2163 രോഗികൾക്കാണ് ജില്ലാ ക്ഷയരോഗ കേന്ദ്രം ചികിത്സ നൽകുന്നത്.