തിരുവനന്തപുരം: ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ചോര്‍ന്നോലിക്കുന്ന അവസ്ഥയില്‍ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആര്‍ദ്രം മിഷനിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ആരോഗ്യ കേന്ദ്രങ്ങളുടെ ഉണര്‍വ് ഇതിന് തെളിവാണെന്നും അവര്‍ പറഞ്ഞു. 2.25 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച വെട്ടൂര്‍ കുടുംബരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.

വി. ജോയ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷവും പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്ന് 5.5 ലക്ഷവും ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മിനി ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. മിനി ഓഡിറ്റോറിയത്തിന്റെ ശിലാഫലകം അദ്ദേഹം അനാശ്ചാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജയസിംഹന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അരുണ. എസ്. ലാല്‍, ആരോഗ്യ- വിദ്യാഭ്യാസ വികസനകാര്യ സ്ഥിരം സമിതി അംഗം മുഹമ്മദ് ഇക്ബാല്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.