കേന്ദ്രനയമാണ് റബ്ബർ വിലയിടിവിന് കാരണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനിൽ കുമാർ. പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കും ആത്മ പദ്ധതിയിലെ മികച്ച കർഷകർക്കുമുളള അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ റബ്ബർ കർഷകരുടെ കാര്യത്തിൽ അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. കേന്ദ്രനയമാണ് റബ്ബർ വിലയിടിവിന് കാരണം. കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകുന്ന പ്രൊഡക്ഷൻ ഇൻസെന്റിവ് 200 രൂപയാക്കണം. എന്നാൽ മാത്രമേ എല്ലാ കർഷകർക്കും അതിന്റെ ഗുണം ലഭിക്കൂ. സ്വാഭാവിക റബറിനെ കാർഷിക ഉത്പന്നമാക്കി മാറ്റി എടുക്കണം. റബ്ബറിനെ കാർഷിക വിളയായി പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കും. ഇപ്പോൾ വാണിജ്യ വകുപ്പിന് കീഴിലുളള റബ്ബറിനെ കൃഷി വകുപ്പിന് കീഴിൽ കൊണ്ടുവരണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു. വിദേശത്തു നിന്നും ചിരട്ട പാൽ ഇറക്കുമതി ചെയ്യാനുളള കേന്ദ്ര നീക്കത്തിൽ സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പും അറിയിച്ചിട്ടുണ്ട്. റബർ വിലത്തകർച്ച കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. ഇന്ത്യയെ തന്നെ ബാധിക്കും. അതിനാൽ കേന്ദ്രഗവൺമെന്റ് ഇക്കാര്യത്തിൽ മുഖ്യമായ പങ്ക് വഹിക്കേണ്ടതുണ്ട്. എന്നാൽ സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യും. റബ്ബർ കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും ചർച്ച ചെയ്യാൻ ഏപ്രിലിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
തരിശുനില കൃഷി ഏറ്റവും കൂടുതൽ നടന്നത് കോട്ടയം ജില്ലയിൽ ആണെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. 2018 ൽ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വർദ്ധിച്ചുവെങ്കിലും ആവശ്യമായ പച്ചക്കറിയുടെ 50 ശതമാനം മാത്രമാണ് ഇപ്പോഴും നമുക്ക് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുളളത്. വീടുകളിൽ കൃഷിയോഗ്യമായ ഇടങ്ങളിൽ കൃഷി വ്യാപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ചെയ്യുന്ന കാര്യത്തിൽ മത്സരബുദ്ധിയോടെ മുന്നോട്ട് പോകണം. വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ച സ്‌കൂളുകൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കർഷകഗ്രൂപ്പുകൾ,കർഷകർ,സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കും ആത്മ പദ്ധതിയിലെ മികച്ച കർഷകർക്കുമുളള അവാർഡ് വിതരണം മന്ത്രി നിർവ്വഹിച്ചു. കെ. എം. മാണി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, അഡ്വ. ജോയി എബ്രഹാം എം.പി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പാലാ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. സെലിൻ റോയി തകിടിയേൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ നടയത്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ നാരായണൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. ജയലളിത സ്വാഗതവും പാലാ കൃഷി അസി. ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
