ആലപ്പുഴ: കോവിഡ് 19 രോഗികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട ചകിത്സ ഉറപ്പാക്കുന്നതിനായി ജില്ലയില്‍ ട്രയാജ് സംവിധാനം ഒരുക്കി. കോവിഡ് രോഗികളെ മെഡിക്കല്‍ ഓഫീസറുടെ അനുവാദത്തോടെ ഇവിടെ എത്തിച്ച് രോഗ ലക്ഷണവും തീവ്രതയും അനുസരിച്ച് ചികിത്സക്ക് വിധേയമാക്കുന്നതാണ് ട്രയാജ്. രോഗ ലക്ഷണമനുസരിച്ച് എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ ലഭ്യമാക്കുക. ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി, ചേങ്ങന്നൂര്‍ സെന്റ്വുറി ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവടങ്ങളിലാണ് ട്രയാജ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ രാവിലെ 8മണി മുതല്‍ രാത്രി 8വരേയും മറ്റ് ആശുപത്രികളില്‍ 24 മണിക്കൂറും ട്രയാജ് സംവിധാനം പ്രവര്‍ത്തിക്കും.
രോഗികള്‍ക്ക് പുറമേ ക്വാറന്റൈനിലിരിക്കുന്നവര്‍, പ്രൈമറി കോണ്ടാക്ടുള്ളവര്‍, എന്നിവര്‍ക്കും ആവശ്യമെങ്കില്‍ ട്രയാജ് ഒ.പി. പ്രയോജനപ്പെടുത്താം. സ്‌പെഷ്യലിസ്റ്റ് ഉള്‍പ്പടെ നാല് ഡോക്ടര്‍മാരെയാണ് ട്രയാജില്‍ നിയോഗിച്ചിട്ടുള്ളത്.