ഭൂരഹിത പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിലെ 107.1164 നിക്ഷിപ്ത വനഭൂമി റവന്യൂ വകുപ്പിന് കൈമാറിയതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
വന ഭൂമികളില്‍ ഉള്‍പ്പെടുന്ന തൃക്കൈക്കുത്ത്, നെല്ലിപ്പൊയില്‍- കൊടീരി ബിറ്റ് I, അത്തിക്കല്‍ ബിറ്റ് III എന്നീ നിക്ഷിപ്ത വനഭൂമികളാണ് ഭൂപതിവ് നടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് കൈമാറിയത്. നിലമ്പൂര്‍ താലൂക്ക് നിലമ്പൂര്‍ വില്ലേജില്‍ തൃക്കൈക്കുത്ത് ബിറ്റിലെ 6.5964 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയും, അകമ്പാടം വില്ലേജില്‍ അത്തിക്കല്‍ ബിറ്റിലെ 11.52 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയും, കുറുമ്പലങ്ങോട് വില്ലേജില്‍ നെല്ലിപ്പൊയില്‍ – കൊടീരി ബിറ്റ് I ലെ 89.00ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയുമാണ് വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ളത്.
വനഭൂമികള്‍ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി 2003, 2004 വര്‍ഷങ്ങളിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് I, സ്റ്റേജ് II അനുമതികള്‍ ലഭിച്ചിരുന്നത്.
തൃക്കൈക്കുത്ത് ബിറ്റ്, നെല്ലിപ്പൊയില്‍ കൊടീരി ബിറ്റ് I എന്നീ നിക്ഷിപ്ത വനഭൂമികള്‍ നിലമ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി രവീന്ദ്രനാഥന്‍ നിന്നും, അത്തിക്കല്‍ ബിറ്റ് III നിക്ഷിപ്ത വനഭൂമി എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇ. ഇംറോസ് ഏലിയാസ് നവാസ് നിന്നുമാണ് നിലമ്പൂര്‍ ഭൂപരിഷ്‌കരണ വിഭാഗം തഹസില്‍ദാര്‍ എ. ജയശ്രീ ഏറ്റുവാങ്ങിയത്.
ഭൂരേഖകളുടെ കൈമാറ്റ ചടങ്ങില്‍ ഫോറസ്റ്റ് മിനി സര്‍വേയര്‍ ടി.പി. സുരേഷ് ബാബു, ഡിവിഷന്‍ സര്‍വേയര്‍ സി. വിനയചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍. പി പ്രദീപ് കുമാര്‍, ജയിന്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.സി രവീന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.സി ശശിഭൂഷണ്‍, താലൂക്ക് സര്‍വേയര്‍ രാജീവ്, അഡീഷണല്‍ താലൂക്ക് സര്‍വേയര്‍ ലുക്ക്മാന്‍, സര്‍വേയര്‍മാര്‍ അബ്ദുള്‍ മജീദ്, വി.പി നവാസ്., നിലമ്പൂര്‍ വില്ലേജ് ഓഫീസര്‍ ബിജു ഫിലിപ്പോസ്, അകമ്പാടം വില്ലേജ് ഓഫീസറും, കുറുമ്പലങ്ങോട് വില്ലേജിന്റെ ഇന്‍ചാര്‍ജ്ജ് വില്ലേജ് ഓഫീസറുമായ എച്ച് എ ഷമീം എന്നിവര്‍ പങ്കെടുത്തു.
ഭൂപതിവ് നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിക്ഷിപ്ത വനഭൂമികള്‍ ഗതാഗത സൗകര്യത്തോടുകൂടി പ്ലോട്ടുകളാക്കി തിരിച്ച് അതിരടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തൃക്കൈക്കുത്ത് ബിറ്റ് 10 സെന്റ് വീതമുള്ള 143 പ്ലോട്ടുകളാക്കിയും, അത്തിക്കല്‍ ബിറ്റ് III 20 സെന്റ് വീതമുള്ള 119 പ്ലോട്ടുകളാക്കിയും, നെല്ലിപ്പൊയില്‍ – കൊടീരി ബിറ്റ് I 20 സെന്റ് വീതമുള്ള 992 പ്ലോട്ടുകളാക്കിയും മാറ്റിയിട്ടുണ്ട്.
എല്ലാ പ്ലോട്ടുകളിലും ഭവന നിര്‍മാണത്തിന് വേണ്ടി അഞ്ച് സെന്റ് സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിലെ വൃക്ഷങ്ങളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനും ഭൂമി പതിച്ച് ലഭിച്ച പട്ടികവര്‍ഗക്കാരുടെ ജീവിതോപാധി പരിപോഷിപ്പിക്കുന്നതിനായി വനം വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അഗ്രോ ഫോറസ്ട്രി കൃഷി രീതി നടപ്പാക്കുന്നതിനും വന സംരക്ഷണ സമിതി രൂപീകരിക്കും.
നിലമ്പൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന തൃക്കൈക്കുത്ത്, അത്തിക്കല്‍ ബിറ്റ് III, നെല്ലിപ്പൊയില്‍ – കൊടീരി ബിറ്റ് I എന്നീ നിക്ഷിപ്ത വനഭൂമികള്‍ പതിച്ച് ലഭിക്കുന്നതിന് താത്പര്യമുള്ള ഭൂരഹിതരായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഐ.ടി.ഡി.പി. നിലമ്പൂര്‍ പ്രോജക്ട് ഓഫീസര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതു പ്രകാരം ഭൂമി പതിച്ച് ലഭിക്കുന്നതിനായി 1709 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഭൂമിയും, വീടും ഇല്ലാത്ത അപേക്ഷകര്‍; വീട് ഉണ്ടെങ്കിലും, ഭൂമി ഇല്ലാത്ത അപേക്ഷകര്‍; നാമമാത്ര അളവില്‍ ഭൂമിയുള്ളവര്‍ എന്നീ ക്രമത്തില്‍ മുന്‍ഗണന നല്‍കി നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്ക് ഭൂമി അനുവദിക്കും.