കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൃശൂർ കോർപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക് തൃശൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആസൂത്രണ ഭവൻ ഹാളിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർനിർവഹിച്ചു.

ഇതോടൊപ്പം തെങ്ങിൻ തൈ വിതരണോദ്‌ഘാടനവും, 5 കർഷകർക്ക് തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ എസ് പദ്ധതി വിശദീകരിച്ചു.

തൃശൂർ നിയോജക മണ്ഡലത്തിലെ
625 ഏക്കർ ഭൂമിയിലാണ്
പദ്ധതി നടപ്പിലാക്കുന്നത്.
50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഒരു കേര ഗ്രാമത്തിൽ 43,750 തെങ്ങുകളാണ് ഇത് പ്രകാരം വികസിപ്പിച്ചെടുക്കുക.

കേരഗ്രാമം ഒരുക്കുന്നതിനാവശ്യമായ തെങ്ങിൻ തൈകൾ, വളം, കീടാരോഗ നിയന്ത്രണം, ജലസേചനം, തെങ്ങ് കയറ്റ യന്ത്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഈ പദ്ധതിയിൽ ലഭ്യമാക്കും. ചടങ്ങിൽ കോർപറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജെഷി പി, അസിസ്റ്റന്റ് ഡയറക്ടർ സത്യ വർമ്മ, പുഴയ്ക്കൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി ഉണ്ണിരാജൻ, അയ്യന്തോൾ കൃഷി ഓഫീസർ ശരത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.