കണ്ണൂർ ജില്ലയിലെ 25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ടോയ്‌ലറ്റ് സംവിധാനമൊരുക്കി ജില്ലാ പഞ്ചായത്ത്. ശൗചാലയങ്ങള്‍ ഇല്ലാതിരുന്ന 25 സ്‌കൂളുകളിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ. ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. ഒരു സ്‌കൂളിന് അഞ്ചെണ്ണം വീതം 125 ടോയ്ലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ബോധ്യമായിരുന്നു. വൃത്തിഹീനമായ ടോയ്ലറ്റുകളുള്ള നിരവധി സ്‌കൂളുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിലെ ശുചിത്വ ക്യാമ്പയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
മൂന്ന് കോടി രൂപ ചെലവിലാണ് പ്രീ ഫാബ് സ്റ്റീല്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ടോയ്ലറ്റുകളാണ് ഇവ. പരിമിതമായ സ്ഥലം മാത്രമാണ് ഇതിന് ആവശ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 73 ഗവ. സ്‌കൂളുകള്‍ക്ക് ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.
ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി ജയപാലന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി പി ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി ലീല, പഞ്ചായത്തംഗം ടി കെ പ്രമോദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, എസ്എസ്‌കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ വേണുഗോപാല്‍, പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സക്കറിയ, പ്രധാന അധ്യാപകന്‍ സി അനൂപ് കുമാര്‍, പിടിഎ പ്രസിഡണ്ട് ഇ അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു
