പട്ടികജാതി-വർഗ കോളനികളിൽ വലിയ വികസന മാറ്റങ്ങൾ ഉണ്ടാക്കിയതായി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ. ജില്ലയിൽ പൂർത്തിയായതും പ്രവൃത്തി ആരംഭിക്കുന്നതുമായ അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം, അംബേദ്കർ ഗ്രാമം സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 52 അംബേദ്കർ കോളനികൾ പൂർത്തീകരിച്ചു. ബാക്കി രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പട്ടികജാതി-വർഗ കോളനികളിൽ മുടങ്ങി കിടന്ന പല പദ്ധതികളും പൂർത്തിയാക്കാനായി. 56,000 വീടുകളാണ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പട്ടികജാതി-വർഗ വകുപ്പിന് കീഴിൽ പൂർത്തീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

വടക്കാഞ്ചേരി വെടിപ്പാറ പട്ടികജാതി കോളനി, തൃശൂര്‍ കോര്‍പ്പറേഷന്‍ ആനപ്പാറ എസ് ജെ കോളനി എന്നിവിടങ്ങളിൽ അംബേദ്കർ ഗ്രാമം പദ്ധതി പൂർത്തീകരണം നടന്നു. ചേലക്കര പല്ലൂര്‍ കോളനി, അവണൂര്‍ കവറപാപ്പാനഗര്‍, അംബേദ്കര്‍ ഗ്രാമം, അടാട്ട് പാരിക്കാട്, വടൂക്കര എസ് ജെ സെറ്റിൽമെൻ്റ് എന്നിവയുടെ പ്രവൃത്തി ആരംഭവുമാണ് മന്ത്രി നിർവഹിച്ചത്.

വിവിധയിടങ്ങളിൽ എം എൽ എ മാരായ അനിൽ അക്കര, യു ആർ പ്രദീപ്, മേയർ അജിത ജയരാജൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി വി കുരിയാക്കോസ്, അവണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിജയ ബാബുരാജ്, തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ, ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള, നിർമ്മിതി കേന്ദ്രം തൃശൂർ എൻജിനീയർ ശ്രീജിത്ത്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാരായ വിജിരാജ്, ഷിമി തുടങ്ങിയവരും പങ്കെടുത്തു.