ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടന ചെയ്തു. 273 കോളനികളെ അംബേദ്കര്‍ ഗ്രാമമാക്കാന്‍ ഏറ്റെടുത്തതില്‍ 52 കോളനികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവര്‍ത്തനം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാര്‍ 207 കോളനികള്‍ ഏറ്റെടുത്തെങ്കിലും അവയില്‍ 43 എണ്ണം മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളു. ബാക്കി 164 കോളനികളുടേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇപ്പോഴുള്ള സര്‍ക്കാരാണ്. ദയനീയമായ കോളനികളുടെ രൂപം തന്നെ മാറ്റിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സുസ്തിര വികസനം സമസ്ത മേഖലകളിലും ഉറപ്പാക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി രൂപ ചിലവില്‍ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ക്വയര്‍മല അംബേദ്കര്‍ കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍, റോഡ് നിര്‍മ്മാണം, വീട് മെയിന്റനന്‍സ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, അങ്കണവാടിക്ക് സമീപമുള്ള കിണറിന് മോട്ടറും വാട്ടര്‍ടാങ്കും സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഒരു കോടി രൂപ ചിലവില്‍ പൂര്‍ത്തിയായത്.
വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടേയും പുതുതായി പ്രവര്‍ത്തിയാരംഭിച്ച ഒന്‍പത് അംബേദ്കര്‍ ഗ്രാമങ്ങളുടേയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫറന്‍സില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു.