തൃശ്ശൂർ : ജില്ലയിലെ ആദ്യത്തെ ഹരിത ഐ ടി ഐ ക്യാമ്പസായി മാറിയ നേട്ടത്തിന്റെ മികവില്‍ ചാലക്കുടി ഗവ വനിത ഐ ടി ഐ. ഹരിത കേരള മിഷന്റെയും കോസ്റ്റ് ഫോര്‍ഡിന്റെയും സഹകരണത്തോടെയാണ് ഹരിത ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചര ലക്ഷം ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൊഴില്‍ പരിശീലന കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹാര്‍ദ്ധമാക്കുക എന്നതാണ് ലക്ഷ്യം. കൃഷി, ജല സംരക്ഷണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 14 പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക.

ഹരിത ക്യാമ്പസായി മാറിയ ഗവ ഗേള്‍സ് ഐ ടി ഐയില്‍ 50 സെന്റ് സ്ഥലത്ത് മാതൃക കൃഷിതോട്ടം ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി രീതിക്ക് പ്രാധാന്യം നല്‍കി തക്കാളി, വേണ്ട, പച്ചമുളക്, വാഴ, മരച്ചീനി എന്നിവ കൃഷിചെയ്തിരിക്കുന്നു. ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, പരിസ്ഥിതി സൗഹാര്‍ദ്ദ ഇരിപ്പിടങ്ങള്‍ക്കായി പച്ചത്തുരുത്ത് എന്നിവയും ഒരുക്കിയിട്ടുണ്ട്. ക്യാമ്പസിനകത്ത് ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചിരിക്കുന്നു. മലിനജലം പുനരുപയോഗിക്കുന്നതിന് സംഭരണ പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയും ഉണ്ട്. പേപ്പര്‍ പേനകള്‍, തുണി സഞ്ചികള്‍, മറ്റ് പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു