നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 723 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29 പേര്‍
നാല് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 9,737 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 59,765 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 30) 761 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 723 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 29 പേര്‍ക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധയുണ്ടായവരില്‍ അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ആശ്വാസമായി 1,106 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇവരുള്‍പ്പെടെ 41,117 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസകരമാണെങ്കിലും രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രതിരോധ നടപടികളാണ് നടത്തി വരുന്നത്. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ തുടരുന്നതെന്നും ഇത് പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

59,765 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 9,737 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 743 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 648 പേരും 195 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 229 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.