പകര്‍ച്ചരോഗ പ്രതിരോധവും പരിസര ശുചിത്വവും ലക്ഷ്യമാക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന സെമിനാര്‍ പരമ്പരയിലെ പഠിതാക്കളായി ജനപ്രതിനിധികളും. കുണ്ടറ മണ്ഡലത്തിലെ സെമിനാറിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ചിറ്റുമല, മുഖത്തല എന്നീ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലേയും ജനപ്രതിനിധികളും ക്ലാസിലേക്കെത്തിയത്.
മറ്റു സ്ഥലങ്ങളില്‍ നടന്ന ക്ലാസുകളെ സംബന്ധിച്ചറിഞ്ഞെത്തിയതാണ് തദ്ദേശഭരണസ്ഥാപന ഭാരവാഹികള്‍. നിലവിലുള്ള പ്രവര്‍ത്തനത്തിനൊപ്പം ആരോഗ്യ-ശുചിത്വ മേഖലകളിലെ വിദഗ്ധരുടെ അറിവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായാണ് ക്ലാസിന്റെ അനുഭവപാഠം ഇവര്‍ തേടിയത്.
ശുചിത്വമിഷന്‍, ഗ്രാമവികസന വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തെടെയുള്ള  സെമിനാര്‍ ചിറ്റുമല ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമണി, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ബി.ഡി.ഒ എസ്. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍, ഡോ. ആശാജോസ് എന്നിവര്‍ ക്ലാസ് നയിച്ചു.
കരുനാഗപ്പള്ളി മണ്ഡലത്തിലെ സെമിനാര്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.കെ. ദീപ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സുധര്‍മ അധ്യക്ഷയായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗം ജോളി, തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ബീന ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഗീതാമണി അന്തര്‍ജനം, ഹെല്‍ത്ത് സൂപര്‍വൈസര്‍ ജാഹര്‍ഖാന്‍ എന്നിവര്‍ ക്ലാസെടുത്തു.
സെമിനാര്‍ പരമ്പരയുടെ സമാപനം ഇന്ന് (മാര്‍ച്ച് 27) വൈകിട്ട് നാലിന്    കൂനമ്പായിക്കുള്ളതുള്ള കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.