തൃശ്ശൂർ:   ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും മുൻപുണ്ടായിരുന്ന ജാഗ്രതയിൽ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച ജില്ലയാണ് തൃശൂർ. എന്നാൽ ഇപ്പോൾ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധക്കുറവുണ്ടായോ എന്നും വികസന സമിതി ആശങ്ക രേഖപ്പെടുത്തി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം എൽ എമാരുടെ നേതൃത്വത്തിൽ പ്രതിരോധം ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ ഇത് ഉറപ്പു വരുത്തണമെന്നും അങ്ങനെ പഴയ നിലയിലേക്ക് തിരിച്ചു പോകാനാകുമെന്നും അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു.

ജില്ലയിൽ മലയോര പട്ടയം ഉൾപ്പെടെ നൽകാനുള്ള പട്ടയങ്ങളുടെ വിതരണ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കൃത്യതയില്ലാത്ത പട്ടയങ്ങളിൽ പരിശോധന നടത്തി തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ മുഴുവൻ തുകയും ചെലവഴിച്ച് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ജില്ലയുടെ സ്വപ്ന പദ്ധതികളിലൊന്നായ പീച്ചി – വാഴാനി കോറിഡോറിൻ്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ചർച്ച നടത്തി തുടർ നടപടികൾ ആരംഭിക്കും.

പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ പ്രത്യേക യോഗം ചേരും. അന്തേവാസികളുടെ സുരക്ഷ കണക്കിലെടുത്ത് താത്കാലിക ചുറ്റുമതിൽ കെട്ടിയ ശേഷമേ നിലവിലെ മതിൽ പൊളിച്ചു പണിയേണ്ടതുള്ളൂവെന്നും തീരുമാനിച്ചു.

പുതുതായി ലൈഫ് പദ്ധതിയിൽ 68,000 ത്തോളം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി പ്രതിനിധി യോഗത്തെ അറിയിച്ചു. അർഹരായ പരമാവധി പേരെ പദ്ധതിയിൽ ഉൾപ്പെടുത്തും. പൊതുവിദ്യഭ്യാസ വകുപ്പിൻ്റെ പൂർത്തീകരിച്ച സ്കൂളുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ തുറന്നുകൊടുക്കും. കിഫ്ബി ഫണ്ടു വഴി നിർമിക്കുന്ന സ്കൂളുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.

എസ് സി, എസ് ടി, ഫിഷറീസ് വകുപ്പുകളുടെ നേത്വത്തിൽ വകുപ്പിലെ അർഹരായവർക്ക് പ്രത്യേക ഫണ്ടുപയോഗിച്ച് വീടു നിർമിക്കുന്ന നടപടികൾ ഊർജിതപ്പെടുത്താനും തീരുമാനമായി. ആദിവാസി മേഖലകളിൽ ഇതിനകം 50 വീടുകൾ നിർമിച്ചു നൽകി. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സി എച്ച് സി കളാക്കി ഉയർത്തുന്ന നടപടി ജില്ലയിൽ ദ്രുതഗതിയിലാണ്

ഗവ. ചീഫ് വിപ്പ് കെ രാജൻ, എം എൽ എമാരായ ബി ഡി ദേവസി, യു ആർ പ്രദീപ്, ഇ ടി ടൈസൺ, പ്ലാനിങ് ഓഫീസർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.

അടുത്ത ജില്ലാ വികസന സമിതി യോഗം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നടക്കുകയെന്ന് കലക്ടർ അറിയിച്ചു.