തിരുവനന്തപുരം: ഏതൊരു വികസനപ്രവര്‍ത്തനവും പോലെത്തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മണ്ണ്-ജല സംരക്ഷണമെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. വിതുര പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി തുടങ്ങുന്ന ആറ്റുമണ്‍പുറം നീര്‍ത്തട പദ്ധതി ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയും പരിസ്ഥിതി സംരക്ഷണവും പരസ്പര പൂരകങ്ങളാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ കൃഷിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ കാര്‍ഷികരംഗത്തെ വികസനപദ്ധതികള്‍ നടപ്പിലാക്കിയത്. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പ്രദേശത്തെ മണ്ണ്-ജല സംരക്ഷണം ഉറപ്പാക്കി, ഭൂഗര്‍ഭ ജലം വര്‍ധിപ്പിച്ചു, കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തലത്തൂതക്കാവ് ഗവ. ട്രൈബല്‍ എല്‍.പി.എസില്‍  നടന്ന ചടങ്ങില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍- മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെ വിതുര പഞ്ചായത്തിലെ മണലി, കല്ലാര്‍ വാര്‍ഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 680 ഹെക്ടര്‍ ഭൂമിയില്‍ 310 ഹെക്ടര്‍ പ്രദേശമാണ് ആറ്റുമണ്‍പുറം നീര്‍ത്തടം.  പദ്ധതിപ്രദേശത്ത് ശാസ്ത്രീയമായി മണ്ണ്-ജല സംരക്ഷണ പ്രവൃത്തികള്‍ നടപ്പിലാക്കുക വഴി കാര്‍ഷിക ഭൂമിയിലെ മണ്ണൊലിപ്പ് തടയുക ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുക ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും കാത്തുസൂക്ഷിക്കുക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ജൈവവേലി,  റബ്ബര്‍ തടം,  തെങ്ങിന്‍ തടം,  കല്ലു കയ്യാല,  പുതിയ കിണര്‍ നിര്‍മാണം എന്നീ പ്രവൃത്തികള്‍
കാര്‍ഷിക ഭൂമിയില്‍ നടപ്പിലാക്കുന്നതിനും തടയണ, പാര്‍ശ്വഭിത്തി സംരക്ഷണം, ഫൂട്ട്സ്ലാബ് നിര്‍മാണം തുടങ്ങിയവ  തോടുകളുടെ സംരക്ഷണത്തിലും ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്.

കാര്‍ഷിക ഭൂമിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍,  ഗുണഭോക്തൃ കമ്മിറ്റി തെരഞ്ഞെടുത്ത കണ്‍വീനര്‍ മുഖേനയോ ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ നടപ്പിലാക്കാവുന്നതാണ്. ഈ പ്രവൃത്തികള്‍ക്ക് ജനറല്‍ വിഭാഗത്തിന് 90% സബ്‌സിഡിയും എസ്.സി/ എസ്.ടി വിഭാഗത്തിന് 95 %  സബ്‌സിഡിയും ലഭിക്കും. തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍ ടെന്‍ഡര്‍ മുഖേനയാണ് നടപ്പിലാക്കുന്നത്.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി, ബ്ലോക്ക് മെമ്പര്‍ എല്‍.വി വിപിന്‍,  വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ശോഭന, വാര്‍ഡ് മെമ്പര്‍ മഞ്ജുഷ ആനന്ദ്, വിതുര കൃഷി ഓഫീസര്‍ അനാമിക, മണലി വാര്‍ഡ് എഫ്.ആര്‍.സി ചെയര്‍മാന്‍ മനോഹരന്‍ കാണി, മറ്റ് പൊതുപ്രവര്‍ത്തകര്‍, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.