ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുമരന്നൂര്‍ ബള്‍ക്ക് മില്‍ക്ക് കൂളര്‍, മൂലത്തറ, കുമരന്നൂര്‍ കിടാരി പാര്‍ക്കുകള്‍ എന്നിവയുടെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നിന്നും 7.80 ലക്ഷം രൂപ ചെലവില്‍ ചിറ്റൂര്‍ ബ്ലോക്കിലെ കുമരന്നൂര്‍ സംഘത്തില്‍ സ്ഥാപിച്ച 5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി നിര്‍വഹിച്ചു.

* മന്ത്രി കെ.രാജു കുമരന്നൂര്‍, മൂലത്തറ കിടാരി പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു

കുമരന്നൂര്‍, മൂലത്തറ കിടാരി പാര്‍ക്കുകളില്‍ ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു സന്ദര്‍ശനം നടത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ വാങ്ങുമ്പോള്‍ കര്‍ഷകര്‍ വലിയതോതിലുള്ള ചൂഷണം നേരിടുന്നുണ്ട് . ഇത് ഒഴിവാക്കുന്നതിനായാണ് സര്‍ക്കാര്‍ നേരിട്ട് കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്നും മൂന്നു വര്‍ഷമായി നടപ്പാക്കുന്ന ഈ പദ്ധതി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ തന്നെ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ മൃഗസംരക്ഷണത്തിനും പരിപാലനത്തിനും കര്‍ഷകര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗപ്രതിരോധശേഷിയും പാല്‍ ഉത്പാദന ശേഷിയുമുള്ള മികച്ച ഇനത്തില്‍പ്പെട്ട ഉരുക്കളെ വാങ്ങുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര താരം അനൂപ് ചന്ദ്രനും ഭാര്യയ്ക്കും പശുവിനെ കൈമാറി മന്ത്രി ആദ്യവില്പന നിര്‍വഹിച്ചു. സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം സ്ഥാപിക്കുന്ന നാല് ഹീഫര്‍ പാര്‍ക്കുകളില്‍ രണ്ടെണ്ണം ചിറ്റൂര്‍ ബ്ലോക്കിലെ എരുത്തേമ്പതി പഞ്ചായത്തിലെ കുമരന്നൂര്‍ ക്ഷീര സംഘത്തിലും, പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ക്ഷീര സംഘത്തിലുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഹീഫര്‍ പാര്‍ക്കുകളില്‍ 50 കിടാരികളെ വീതം വാങ്ങി പശുക്കളാക്കി കര്‍ഷകര്‍ക്ക് വിപണനം നടത്തുകയാണ് പദ്ധതി ലക്ഷ്യം. ഹീഫര്‍ പാര്‍ക്ക് ഒന്നിന് 15 ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ധനസഹായമായി നല്‍കുന്നത്. നിലവില്‍ കൃഷ്ണഗിരി, ഹരിയാന, പല്ലടം, കുന്നത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കിടാരികളെ എത്തിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടികളില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ചെയര്‍മാന്‍ കെ. എസ് മണി , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. എസ് ജയസുജീഷ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉത്പാദക സഹകരണ സംഘം ഭാരവാഹികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.