ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നല്‍കുന്ന വിദഗ്ദ ചികിത്സ സാധാരണക്കാരനും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലാ  ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. എം മുകേഷ് എം എല്‍ എ അധ്യക്ഷനായി.
ജില്ലാ ആശുപത്രി കിഫ്ബി വഴി നവീകരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നു. മത്സ്യത്തൊഴിലാളികളും മറ്റ് തൊഴിലാളികളും അധിവസിക്കുന്ന പ്രദേശമായതിനാലാണ് ജില്ലാ ആശുപത്രിക്ക് പ്രാധാന്യം നല്‍കുന്നത്. ഡയാലിസിസ് ചെലവേറിയ ചികിത്സ ആയതിനാലാണ് സാധാരണക്കാരന് വേണ്ടി ഡയാലിസിസിന് പരിഗണന. 170 തീരദേശ ആശുപത്രികളാണ് ആര്‍ദ്രം പദ്ധതിയില്‍  ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതൊക്കെ സാധാരണക്കാരനോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ അടുത്തിടെ നിരവധി സേവനങ്ങള്‍ തുടങ്ങാനായി. വികസനങ്ങള്‍ക്ക് സ്ഥലപരിമിതി വരുംവിധത്തില്‍ വികസനങ്ങള്‍ വന്നതായും എം എല്‍ എ പറഞ്ഞു. എന്നും സാധാരണക്കാരന് അത്താണിയായ ആശുപത്രിയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയ ഫിഷറീസ് വകുപ്പിനും മന്ത്രിയ്ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.
ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി  സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവും മാനവവിഭവശേഷി വികസനവും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പകുതിയും  മൂന്നും നാലും നിലകളുടെയും സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി മിച്ചംവന്ന തുക മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം 30 ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി വിനിയോഗിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനായിരുന്നു പദ്ധതിയുടെ നിര്‍വഹണ ചുമതല.