സ്ത്രീകളെ സ്വയംപര്യാപ്തമാക്കി കുടുംബങ്ങളുടെ ഭദ്രത ഉറപ്പുവരുത്താനാണ്‌ ടെൻഡർ നടപടികൾ ഒഴിവാക്കി കുടുംബശ്രീക്ക് കുടിവെള്ള വിതരണം നൽകുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷനും ജല അതോറിറ്റിയും സംയുക്തമായി ചിറ്റൂരിൽ നടത്തുന്ന ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതി ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കാൻ കോവിഡ് കാലത്തും ജലവിഭവ വകുപ്പ് കഠിനമായ പരിശ്രമമാണ് നടത്തുന്നത്. ജീവൻധാര പദ്ധതിയുടെ ഭാഗമായി 16 ലക്ഷം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വർഷം 21 ലക്ഷം വീടുകളിലേക്ക് കണക്ഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു. ത്രിതല പഞ്ചായത്തുകൾ പദ്ധതിയുമായി നല്ല രീതിയിലാണ് സഹകരിക്കുന്നത്. എല്ലാവർക്കും കുടിവെള്ളമെത്തിക്കാൻ വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ജലവിഭവ വകുപ്പിന്റെ നഷ്ടം നികത്താൻ ജലവിഭവ വകുപ്പ് കേന്ദ്രങ്ങളിൽ സോളാർ വൈദ്യുതി ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി മൂങ്കിൽമടയിൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജല ശുദ്ധീകരണ ശാലകളിൽ നിന്നും കുടുംബശ്രീ സംരംഭകർ മുഖേന ആവശ്യക്കാർക്ക് ചുരുങ്ങിയ ചിലവിൽ വാതിൽപ്പടിയിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജീവൻധാര. പദ്ധതിയിലൂടെ വിപണിയിൽ 20 ലിറ്റർ കുടിവെള്ള ക്യാൻ 25 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായി. വാട്ടർ അതോറിറ്റി ബോർഡ് അംഗം അഡ്വ. വി. മുരുകദാസ്, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ കെ മധു, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ആർ. ജയചന്ദ്രൻ, കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ പി.സൈതലവി, കുടുംബശ്രീ ഗവേർണിംഗ് ബോർഡ് അംഗം റിഷാ പ്രേംകുമാർ എന്നിവർ സംസാരിച്ചു.