ശാർക്കര-മഞ്ചാടിമൂട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന് അഞ്ചു കോടി രൂപയുടെ അനുമതി
സംസ്ഥാനത്ത് 82,601 കോടിയുടെ പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ. ഏഴു കോടി രൂപയോളം ചെലവിൽ നിർമിച്ച ശാർക്കര-മഞ്ചാടിമൂട് ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 60 വർഷത്തിനിടെ ചെയ്യാത്തത്ര തുകയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വികസനമാണ് അജണ്ട. പ്രതിപക്ഷം, ഭരണപക്ഷം എന്ന യാതൊരു വിവേചനവും മണ്ഡലങ്ങളോട് ഇല്ല. ജനങ്ങളേ സർക്കാരിനു മുന്നിലുള്ളൂ. എല്ലാ മണ്ഡലങ്ങൾക്കും തുല്യമായി മരാമത്ത് ഫണ്ട് വീതിക്കുന്ന സമ്പ്രദായം വന്നു. കാസർഗോഡ്-പൂവാർ തീരദേശപാതയ്ക്ക് 6500 കോടി രൂപയാണ് വിനിയോഗിക്കുക. കാസർഗോഡ്-കളിയിക്കാവിള മലയോരഹൈവേയ്ക്ക് 3500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 59 ബൈപാസുകൾ നിർമിക്കുന്നു. 40 റെയിൽവേമേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. 17 ഫ്‌ളൈ ഓവർ നിർമാണത്തിലുണ്ട്. മൂന്നെണ്ണം നിർമിച്ചു. 30,000 കോടി രൂപ ചെലവിൽ കേന്ദ്രസർക്കാർ സഹായത്തോടെ 600 കിലോമീറ്റർ ദേശീയപാത നാലുവരിയായി നവീകരിക്കുന്നു. സാമൂഹിക പ്രത്യാഘാതം കുറച്ചാണ് നിർമാണ പദ്ധതികൾ നടപ്പാക്കുക. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനത്തിന് ചിലപ്പോൾ ഒരു വർഷംവരെയൊക്കെ സമയമെടുക്കും.
എൻജിനീയറിങ്ങിന്റെ കലാ-സൗന്ദര്യാത്മകത നിർമാണരംഗത്തുനിന്ന് പൂർണമായി അപ്രത്യക്ഷമായി. ഇത് തിരികെകൊണ്ടുവരുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ കുഴപ്പംകൊണ്ടല്ല രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടി സമ്മർദം കൊണ്ടാണ് ഇത് സംഭവിച്ചത്. സ്വതന്ത്രമായും നിർഭയമായും നല്ലതുപോലെ മരാമത്ത് ജോലികൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സൗകര്യം ഒരുക്കി മേഖലയിൽ വലിയമാറ്റമുണ്ടാക്കി. ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന് അഞ്ചു കോടി രൂപയുടെ അനുമതി നൽകിക്കഴിഞ്ഞു. 1.27 ഏക്കർ സ്ഥലം 770 മീറ്റർ നീളത്തിൽ ഏറ്റെടുക്കാൻ പണം നൽകി. 88 ഉടമകളിൽ 39 പേർ സ്ഥലംവിട്ടുനൽകി. 20 പേർക്ക് 2.64 കോടി രൂപ നൽകിക്കഴിഞ്ഞു. സ്ഥലം കിട്ടിയാലുടൻ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിക്കും. ഡെപ്യൂട്ടി സ്പീക്കറുടെ മണ്ഡലത്തിൽ 120 കോടി രൂപ 11 മാസത്തിനിടെ വികസനത്തിന് നൽകിയിട്ടുണ്ട്. അനശ്വര നടൻ പ്രേംനസീറിന്റെ പേര് ബൈപാസിന് നൽകണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കും.
ദേശീയപാത നിർമിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ പ്രശ്‌നമുണ്ടാക്കി കേരളത്തിലെ ജനങ്ങൾ സഞ്ചരിക്കേണ്ടതില്ലെന്നു പറയുന്നവർക്കു പിന്തുണ നേടിക്കൊടുക്കാൻ സംഘടിത ശ്രമമുണ്ട്. ഇതിന്റെ ലക്ഷ്യമെന്താണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരേയുള്ള കുപ്രചാരണം അവസാനിപ്പിക്കണം. അന്യായമായി സ്ഥലം ഏറ്റെടുക്കുന്നില്ല. കേന്ദ്രം 84,000 കിലോമീറ്റർ ഭാരത്മാലാ റോഡ് ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നു. 1100 കിലോമീറ്റർ കേരളത്തിനും ലഭിക്കും.
6.90 കോടി രൂപ ചെലവഴിച്ചാണ് ബൈപാസ് നിർമിച്ചത്. 750 മീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണമേന്മയോടെയാണ് നിർമാണമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ സുരേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ.മാരായ ആനത്തലവട്ടം ആനന്ദൻ, ടി. ശരത്ചന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.