ആലപ്പുഴ : 2018 ൽ ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും ആലപ്പുഴയുടെ സുവർണ്ണകാലം വീണ്ടെടുക്കാനുമായി ആരംഭിച്ച പൈതൃക പദ്ധതിയിലെ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ ആരംഭവും നാളെ (നവംബർ 3 ന് ) വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.തുറമുഖ -മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കും.

ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ധനകാര്യ-കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ, എ എം ആരിഫ് എം പി എന്നിവർ മുഖ്യാതിഥികളാകും.

സർക്കാരിന്റെ100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 5.88 കോടി ചിലവിൽ നിർമ്മിക്കുന്ന പോർട്ട്‌ മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം, നിർമ്മാണം പൂർത്തീകരിച്ച മ്യൂസിയം കെട്ടിടങ്ങളുടെ ഉദ്ഘാടനം, മിയോവാക്കി വനം,ബീച്ച് സൗന്ദര്യവത്കരണ പ്രവർത്തികളുടെ തറക്കല്ലിടീൽ, 15.2 കോടി ചിലവിൽ പുനർനിർമ്മിക്കുന്ന കടൽപാലത്തിന്റെ നിർമാണോദ്ഘാടനം,മാരിടൈം സിഗ്നൽ മ്യൂസിയം,ഗാന്ധി പൈതൃകകേന്ദ്രം,ഗാന്ധി മ്യൂസിയം എന്നിവയുടെ പ്രവർത്തനോദ്ഘാടനം, കനാൽ നവീകരണം ഒന്നാം ഘട്ടം പൂർത്തികരണ ഉദ്ഘാടനം രണ്ടാം ഘട്ട പ്രവർത്തികളുടെ ആരംഭ ഉദ്ഘാടനം , കേരള സ്റ്റേറ്റ് കയർ കോർപറേഷന്റെ പുതിയ പ്രോഡക്റ്റ് ഡെവലപ്മെൻറ് സെൻറർ ആൻഡ്‌ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻറെ തറക്കല്ലിടീൽ,നവീകരിച്ച സൗക്കർ മസ്ജിദിന്റെ ഉദ്ഘാടനം,ലിയോ സ്കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം,കയർ ചരിത്ര പെയിന്റിംഗ് ക്യാമ്പ് ഉദ്ഘാടനം എന്നിങ്ങനെ പൈതൃക പദ്ധതിയിലെ 12 ഇന പദ്ധതികളുടെ നിർമാണോദ്ഘാടനവും പ്രവർത്തനോദ്ഘാടനങ്ങളാണ് നടക്കുക.

ചടങ്ങിൽ കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. ടൂറിസം വകുപ്പ് ഡയറക്ടർ പി ബാലകിരൺ പദ്ധതി വിശദീകരണം നടത്തും.ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ,പോർട്ട്‌ ഡിപ്പാർട്മെന്റ് സെക്രട്ടറി സഞ്ജയ്‌ എം കൗൾ, കേരള ടൂറിസം എ ഡി ജി കൃഷ്ണ തേജ, മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു, കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ആലപ്പുഴ പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ എബ്രഹാം കുര്യാക്കോസ്, കൗൺസിലർ സി വി മനോജ്‌കുമാർ, കൺസെർവേഷൻ കൺസൽറ്റന്റ് ഡോ. ബെന്നി കുര്യാക്കോസ് എന്നിവർ സന്നിഹിതരാകും.