ആധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കി   സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുക സര്‍ക്കാരിന്റെ  ലക്ഷ്യമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നീണ്ടകര താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയായ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


നീണ്ടകര, ചവറ മേഖലയില്‍ കരിമണല്‍ ഖനനം  വഴിയുണ്ടാകുന്ന അണുവികിരണത്താല്‍ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. ഐ സി എം ആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ആര്‍ സി സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ചികിത്സാ കേന്ദ്രം എല്ലാ അര്‍ത്ഥത്തിലും പ്രദേശത്തെ ജനങ്ങള്‍ക്ക്  ഉപകാരപ്രദമാണ്. കീമോ തെറാപ്പി ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ ചികിത്സകള്‍ക്ക് ഇനി  തിരുവനന്തപുരം ആര്‍ സി സി യെ ആശ്രയിക്കേണ്ടതില്ല.
കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള  സഹകരണത്തിലൂടെ മാത്രമേ മുന്നേറ്റം സാധ്യമാകുകയുള്ളു. അന്തരിച്ച എം എല്‍ എ വിജയന്‍ പിള്ളയുടെ ആഗ്രഹപൂര്‍ത്തീകരണമാണ് ആധുനിക സജീകരണങ്ങളോടെയുള്ള  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമെന്നും മന്ത്രി പറഞ്ഞു.
ചികിത്സാ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നു എന്ന ആരോപണമുന്നയിച്ച്  ഉദ്ഘാടന ദിവസം നടന്ന പ്രതിഷേധ പ്രകടനത്തെ  മന്ത്രി ശക്തമായ ഭാഷയില്‍ അപലപിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ക്യാന്‍സര്‍ രോഗബാധിതരോട് ചെയ്യുന്ന ക്രൂരതയാണ്. ചികിത്സാ കേന്ദ്രത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകള്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ദൂരീകരിക്കേണ്ടതാണ് മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം സംഘടിപ്പിച്ചവരോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചതിന് ശേഷമാണ് മന്ത്രി ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തത്.