മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘സര്‍ഗയാനം’ ചിത്രപ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നിറങ്ങളുടെയും വരകളിലെയും സന്ദേശം വായിച്ചെടുക്കുന്നതിന് സമൂഹത്തില്‍ കൂടുതല്‍ ആളുകളില്‍ താത്പര്യമുണ്ടാക്കാനാവണമെന്ന് മന്ത്രി പറഞ്ഞു. ആധുനിക ഭാരതീയ ചിത്രകലയുടെ തുടക്കം കേരളത്തില്‍ രാജാ രവിവര്‍മ്മയില്‍നിന്നാണെന്ന് നമുക്ക് അവകാശപ്പെടാവുന്നതാണ്. അദ്ദേഹത്തിലൂടെ കേരളം മതനിരപേക്ഷമായ ചിത്രകലാ ലോകത്തേക്ക് വന്നു. ആധുനികതയുടെ വെളിച്ചം കൊണ്ടുവന്ന കെ.സി.എസ് പണിക്കര്‍, കേരളചിത്രകലയ്ക്ക് ദിശാബോധം നല്‍കിയ എം.വി ദേവന്‍ തുടങ്ങിയവരുടെ സംഭാവനകളും വലുതാണ്.
സമ്പന്നമായ ചിത്രകലാ പാരമ്പര്യമുള്ള സമൂഹമാണ് നമ്മുടേത്. നിറങ്ങളുടെ ആഘോഷമാണ് നമ്മുടെ എല്ലാ ഉത്‌സവങ്ങളും. നല്ല ചിത്രങ്ങള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ട്. സര്‍ഗയാനം എന്നത് ലോകത്തിന് മുമ്പില്‍ കേരളം വരച്ചുകാട്ടിയ കൂട്ടായ്മയാണെന്നും മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ‘സര്‍ഗയാനം’ പുസ്തകപ്രകാശനം ചിത്രകാരന്‍ ജി. രാജേന്ദ്രന് നല്‍കി മന്ത്രി നിര്‍വഹിച്ചു.
ചിത്രകാരന്‍മാരായ ബി.ഡി. ദത്തന്‍, അജയകുമാര്‍, ജോണി എം.എല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും നിര്‍വാഹക സമിതിയംഗം കാരക്കാമണ്ഡപം വിജയകുമാര്‍ നന്ദിയും പറഞ്ഞു.
ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ‘സര്‍ഗയാനം’ ചിത്രരചനാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളും അതിലെ കലാകാരന്‍മാരുടെ ഇതര ചിത്രങ്ങളും ചേര്‍ത്തുള്ള പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 15 ഓളം കലാകാരന്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ജോണി എം.എല്‍ ആണ് ക്യൂറേറ്റര്‍. പ്രദര്‍ശനം ഏപ്രില്‍ അഞ്ചിന് സമാപിക്കും.
