ഒരു കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പൈനാവ് ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈനാവ് സ്‌കൂളിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ശിലാഫലകം അനാച്ഛാദനം ചെയ്യും. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., റോഷി അഗസ്റ്റിന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിന്‍, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗീസ് തുടങ്ങി മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാമൂഹിക – സാസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡി.ജി.ഇ. കെ. ജീവന്‍ ബാബു നന്ദിയും പറയും. ഒരു കോടി രൂപ മുടക്കി മൂന്ന് നിലകളായി നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ആദ്യ രണ്ട് നിലകളിലുമായി ആറ് ക്ലാസ് മുറികളും ഏറ്റവും മുകളിലെ നിലയില്‍ ലൈബ്രറിയും പ്രവര്‍ത്തിക്കും.

ഇടുക്കി ഡാമിന്റെ നിര്‍മ്മാണമാണ് പൈനാവ് ഗവ. യു.പി. സ്‌കൂളിന്റെ പിറവിക്ക് കാരണമായത്. ഡാമിന്റെ നിര്‍മാണത്തിനായുള്ള തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി ആളുകള്‍ അക്കാലത്ത് വാഴത്തോപ്പ് വഞ്ചിക്കവലയിലെ കോട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരുടെയും പ്രദേശവാസികളെയും കുട്ടികള്‍ക്ക് പഠിക്കുന്നതിനായാണ് 1968ല്‍ വാഴത്തോപ്പ് വഞ്ചിക്കവലയില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. . മൂലമറ്റം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ബ്രാഞ്ച് ആയിട്ടാണ് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. സ്‌കൂളിനോട് ചേര്‍ന്നു മറ്റൊരു സ്വകാര്യ സ്‌കൂളിന്റെ യു.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങിയതോടെ പൈനാവ് പ്രദേശവാസികളും ഡാം നിര്‍മാണ ജീവനക്കാരും സര്‍ക്കാരിന് ഹര്‍ജി നല്‍കി. ഇതേ തുടര്‍ന്ന് 1970 ല്‍ യു.പി സ്‌കൂളായി പൈനാവ് പൂര്‍ണിമ ക്ലബ്ബിനോടനുബന്ധിച്ച് മാറ്റി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ക്ലബ്ബിനോട് ചേര്‍ന്ന ഒരു കെട്ടിടത്തില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചു വരുമ്പോള്‍ തന്നെ ഇതേ കെട്ടിടത്തില്‍ നവോദയ വിദ്യാലയവും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നവോദയ വിദ്യാലയം കുളമാവിലേക്ക് മാറ്റിയതോടെ എല്‍.പി. വിഭാഗം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറി. പൈനാവ്, താന്നിക്കണ്ടം, മുക്കണംകുടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും വന്നു ചേര്‍ന്നതോടെ ഓരോ ക്ലാസിലും മൂന്ന് വീതം ഡിവിഷനുകള്‍ ഉണ്ടായി. ഡാം കമ്മീഷന്‍ ചെയ്തു കഴിഞ്ഞിട്ടും തൊഴിലാളികള്‍ യു.പി വിഭാഗത്തിലെ തങ്ങളുടെ കുട്ടികളെ പഠനം തീരുന്നതുവരെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചു. കുടിയേറ്റ കാലഘട്ടത്തില്‍ നിരവധി ആളുകള്‍ കുടുംബസമേതം പൈനാവിനെ പ്രാന്തപ്രദേശങ്ങളില്‍ താമസമാരംഭിച്ചു. അതിന്റെ ഭാഗമായി മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം, അണ്‍ എയ്ഡഡ് എല്‍.പി സ്‌കൂള്‍ എന്നിവ പൈനാവില്‍ തുടങ്ങി. കെട്ടിടത്തിലെ കാലപ്പഴക്കവും പുതിയ വിദ്യാലയങ്ങളുടെ സാമീപ്യവും ഈ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി. എന്നാല്‍ ഒരു ദശാബ്ദക്കാലമായി വിദ്യാലയത്തില്‍ നടന്നുവരുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ ഉയര്‍ച്ച ഉണ്ടായിരുന്നു.2014-15 അധ്യായന വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ച ജൈവവൈവിധ്യ ഉദ്യാനം പദ്ധതിയില്‍ ഗവണ്‍മെന്റ് യുപിസ്‌കൂള്‍ പൈനാവ് സംസ്ഥാന തലത്തില്‍ മുന്‍നിരയിലെത്തുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ചെറുതോണി, വാഴത്തോപ്പ്, മണിയാറന്‍കുടി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഒരു കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന സ്‌കൂളിന്റെ രൂപരേഖ

#100ദിവസങ്ങൾ
#100പദ്ധതികൾ