സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സാങ്കേതികപരമായ വികസനം റോഡ് നിർമ്മാണ മേഖലയിലും പ്രയോജനപ്പെടുത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പുനലൂർ – പത്തനാപുരം – കോന്നി റോഡിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പുനലൂർ – പത്തനാപുരം – കോന്നി റോഡ് നിർമാണത്തിന് ലോക ബാങ്ക് ധനസഹായം ലഭ്യമാക്കിയത്. റോഡിന്റ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വനം -വന്യജീവി വകുപ്പ് മന്ത്രി കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പിനു കീഴിൽ സംസ്ഥാനത്തെ എല്ലാ റോഡുകളും അത്യാധുനിക രീതിയിൽ നവീകരിച്ചു വരികയാണെന്നും റോഡ് നിർമാണത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുനലൂരിൽ ദേശീയ പാതയിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 221 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോന്നി പ്ലാച്ചേരി റീച്ചിന് 30കിലോമീറ്റർ, രണ്ടാമത്തെ റീച്ചിന് 22.17 കിലോമീറ്റർ, പ്ലാച്ചേരി പൊൻകുന്നം മൂന്നാം റീച്ചിന് 30കിലോമീറ്ററുമാണ് മൊത്തത്തിലുള്ള ദൈർഘ്യം.
ചടങ്ങിൽ കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായി.കൊടിക്കുന്നിൽ സുരേഷ് എം പി, കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ്, കെഎസ്ടിപി സൂപ്രണ്ടിംഗ് എഞ്ചിനീയർ എൻ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.