പത്തനംതിട്ട: ലോക ബാങ്ക് ധനസഹായത്തോടെ കെ.എസ്.ടി.പി(കേരള സംസ്ഥാന ഗതാഗത പദ്ധതി) രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രധാനപ്പെട്ട പ്രവൃത്തിയാണ് സേഫ് കോറിഡോര്‍ ഡമോണ്‍സ്ട്രേഷന്‍ പ്രോജക്ട്. റോഡ് വികസനത്തിനൊപ്പം റോഡ്സുരക്ഷാ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കി കഴക്കൂട്ടം മുതല്‍ തൈക്കോട് ലിങ്ക്-72 ബൈപ്പാസ്റോഡും തൈക്കോട് മുതല്‍ അടൂര്‍ വരെയുള്ള എം.സി റോഡിന്റെ 78.65 കിലോമീറ്റര്‍ ഭാഗം അന്തര്‍ദേശീയ നിലവാരത്തിലുള്ള മാതൃകാ സുരക്ഷാറോഡായി വികസിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.
പത്തനംതിട്ട ജില്ലയില്‍ ഏനാത്ത് പാലം മുതല്‍ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെ എം.സി റോഡിന്റെ 9.5 കിലോമീറ്റര്‍ ഭാഗം ഉള്‍പ്പെടും. 2013ല്‍ ഭരണാനുമതിയും 2015ല്‍ 167 കോടിരൂപയ്ക്കു സാങ്കേതികാനുമതിയും ലഭിച്ച പദ്ധതി 146.67 കോടി രൂപയ്ക്കു കരാര്‍ നല്‍കി. 16 മാസമാണു പൂര്‍ത്തീകരണകാലാവധി. പദ്ധതി പൂര്‍ത്തീകരണത്തിനുശേഷം ഒരുവര്‍ഷം ഡിഫക്ട് ലയബിലിറ്റി കാലാവധിയും അതുകഴിഞ്ഞ് അഞ്ചുവര്‍ഷം മെയിന്റനന്‍സ് കാലാവധിയും ഉള്‍പ്പെടുന്നതാണ് പദ്ധതി. ഈ പദ്ധതി മൂന്നു ജില്ലകളില്‍കൂടിയും ഒന്‍പത് നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ കൂടിയുമാണു കടന്നുപോകുന്നത്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ജംഗ്ഷന്‍, ഏനാത്ത് വൈ ജംഗ്ഷന്‍, പുതുശേരിഭാഗം ജംഗ്ഷന്‍, വടക്കടത്ത്കാവ് ജംഗ്ഷന്‍, നെല്ലിമൂട്ടില്‍പ്പടി ജംഗ്ഷന്‍, അടൂര്‍ബൈപ്പാസ് ജംഗ്ഷന്‍, അടൂര്‍ ടി ജംഗ്ഷന്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ എന്നീ ജംഗ്ഷനുകളുടെ നവീകരണ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
എം.സി റോഡ്-അടൂര്‍-ചെങ്ങന്നൂര്‍ ഉപരിതല നവീകരണ പദ്ധതി
അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള 23.8 കിലോമീറ്റര്‍ എം.സി റോഡ് ഉപരിതല നവീകരണം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98.1 കോടിരൂപ ചെലവഴിച്ച് ലോകബാങ്കിന്റെ ധനസഹായത്തോടെ ഇ പി സി മാതൃകയിലാണു നടപ്പിലാക്കുന്നത്. മാര്‍ച്ച് 2021 ആണ് പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ മുതല്‍ പന്തളം വരെയുള്ള റോഡിന്റെ ഉപരിതല നവീകരണവും അതോടനുബന്ധിച്ചുള്ള ട്രാഫിക് സുരക്ഷാ പ്രവൃത്തികളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ റോഡിന് ഇരുവശവും ഇന്റര്‍ലോക്ക് ടൈല്‍ പാകല്‍, നടപ്പാത, ഓട നിര്‍മ്മാണം, ഹാന്‍ഡ് റെയില്‍, ക്രാഷ് ബാരിയര്‍, സംരക്ഷണ ഭിത്തി, പന്തളം പാലത്തിന്റെ പുനരുദ്ധാരണം, കലുങ്കുകള്‍, മേജര്‍ ജംഗ്ഷനുകളുടെയും മൈനര്‍ ജംഗ്ഷനുകളുടെയും നവീകരണം, റോഡ്സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിംഗ്സ്, ദിശാസൂചന ബോര്‍ഡുകള്‍, ഐആര്‍സി പ്രകാരമുള്ള വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണു പ്രധാന പ്രവൃത്തികള്‍.
പദ്ധതിയുടെ പൂര്‍ത്തീകരണത്തോടുകൂടി അപകടനിരക്ക് ഗണ്യമായി കുറയുകയും കേരളത്തിലെ അന്തര്‍ദ്ദേശീയ നിലവാരമുള്ള റോഡായി മാറുകയും ചെയ്യും.
പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സിവില്‍ പ്രവൃത്തികള്‍
1. ഉപരിതലം പുതുക്കല്‍, 2. ഡി.ബി.എം പ്രവൃത്തി, 3. ഓട നിര്‍മ്മാണം, 4. കലുങ്ക് നിര്‍മ്മാണവം, 5. പാലത്തിന്റെ വീതികൂട്ടുന്ന പ്രവൃത്തി, 6.ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകല്‍, എഫ്.ഡി.ആര്‍ പ്രവൃത്തി, സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം എന്നിവയാണ്.
ജില്ലയിലെ റോഡ് സുരക്ഷാ പ്രവൃത്തികള്‍
പി.ഡബ്ല്യൂ.ഡി റോഡ് സേഫ്റ്റി സെല്ലിന്റെയും നാറ്റ്പാകിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് റോഡ് സുരക്ഷാ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്. നാറ്റ്പാക് തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ജംഗ്ഷന്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. അടൂര്‍ ബൈപ്പാസ്, നെല്ലിമൂട്ടില്‍പ്പടി ജംഗ്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍, ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ മിനി മാസ്റ്റ്ലൈറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവ പുരോഗമിച്ചുവരികയാണ്.
പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട റോഡ്സുരക്ഷാ പ്രവൃത്തികള്‍
1. ജംഗ്ഷന്‍ നവീകരണം, 2. സ്‌കൂള്‍സോണ്‍/ഗേറ്റ്വേ ട്രീറ്റ്മെന്റ്, 3. ക്രാഷ് ബാരിയര്‍, 4. സോളാര്‍ സ്ട്രീറ്റ്ലൈറ്റ്, 5. മിനി മാസ്റ്റ്ലൈറ്റ്, 6. ബസ്‌കാത്തിരിപ്പ്കേന്ദ്രം, 7. റോഡ്മാര്‍ക്കിംഗ്, 8. റോഡ്സ്റ്റഡ്, 9. സൈന്‍ബോര്‍ഡുകള്‍, 10. കൈവരിയോടുകൂടി ടൈല്‍ പാകിയ ഫുട്ട് പാത്ത്