1. ജനകീയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്

    കഞ്ഞിക്കുഴിയില്‍ സംഘടിപ്പിച്ച ജില്ലാ തല പട്ടയമേളയില്‍ വൈദ്യുതി മന്ത്രി എം എം മണി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നു

ജില്ലാ പട്ടയമേളയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ ചിരകാല സ്വപ്നമായ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം സാക്ഷാത്കരിച്ച് കഞ്ഞിക്കുഴിയില്‍ സംഘടിപ്പിച്ച ആറാമത് ജില്ലാതല പട്ടയമേളയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച 5 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം, 159 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം, 6,524 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

പൊതുജനങ്ങള്‍ക്ക് ഏറെ താത്പര്യവും ഗുണകരവുമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഏറ്റെടുത്ത വലിയ ജനകീയ ആവശ്യങ്ങളിലൊന്നാണ് അര്‍ഹരായ ജനങ്ങള്‍ക്ക് പട്ടയം നല്‍കുകയെന്നത്. പതിറ്റാണ്ടുകളായി നിയമകുരുക്കുകളിലും സാങ്കേതികതയിലും അകപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ക്കാണ് പട്ടയം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. ഇച്ഛാശക്തിയോടെ സ്വീകരിച്ച ഭരണ നടപടികളിലൂടെയും ചട്ടഭേദഗതിയിലൂടെയുമാണ് ഇത് സാധ്യമായത്. ഇതിലൂടെ 6526 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്താകെ 1,63,610 പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയുടെയും കാലവര്‍ഷക്കെടുതിയുടെയും മധ്യത്തിലാണ് ഇത്രയും പട്ടയങ്ങള്‍ വിതരണം ചെയ്തത്. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഭരണ നിര്‍വഹണത്തില്‍ സംസ്ഥാനത്തിന് ദേശിയതലത്തില്‍ അംഗീകാരം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഭരണ കേന്ദ്രമാണ് വില്ലജ് ഓഫീസുകള്‍. അതുകൊണ്ട് തന്നെ മികച്ച കെട്ടിടം, കുടിവെള്ളം, ഇരിപ്പിടം, ശുചി മുറി ഇവയെല്ലാം ചേര്‍ന്ന സജ്ജീകരണങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും. ഏതാനും മാസങ്ങള്‍ക്കകം ഇവയുടെ എല്ലാം നിര്‍മ്മാണം പൂര്‍ത്തിയാകും. വില്ലേജ് ഓഫീസുകള്‍ നവീകരിച്ചത് കൊണ്ട് മാത്രം ഭരണ നിര്‍വഹണം കാര്യക്ഷമമാകില്ല, അതിനാല്‍ ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളും റവന്യു വകുപ്പില്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി റവന്യു വകുപ്പിലെ മുഴുവന്‍ ഓഫീസുകളും കടലാസ്സ് രഹിതമാകുകയെന്ന ലക്ഷ്യമാണുള്ളത്. ആദ്യ ഘട്ടമെന്ന നിലയ്ക്ക് താലൂക്ക് ഓഫീസിലും കളക്ടറേറ്റിലും ഇ- ഓഫീസ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഈ-ഡിസ്ട്രിക്റ്റ് മുഖേന ഓണ്‍ലൈനായിട്ടാണ് നടപ്പാക്കുന്നത്. റവന്യു – ഭൂരേഖകള്‍ ആധുനികവത്ക്കരിക്കുന്നതിലൂടെ കുറേക്കൂടി കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാനാകും. സംസ്ഥാനത്തെ 1218 വില്ലേജുകളില്‍ ഈ പോസ് മെഷിനുകള്‍ സ്ഥാപിച്ച് കറന്‍സി രഹിതമായി നികുതി സ്വീകരിക്കുന്ന രീതി പ്രാബല്യത്തില്‍ വന്നു. ശേഷിക്കുന്ന വില്ലേജുകളില്‍ കൂടി ഈ പദ്ധതി വ്യാപിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. കേരളത്തിലെ ജനങ്ങളുടെ സഹകരണവും ഐക്യവുമാണ് സര്‍ക്കാരിന്റെ കാര്യ നിര്‍വ്വഹണത്തിന് കരുത്തു പകരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴിയില്‍ നടന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി എംഎം മണി പട്ടയവിതരണം നടത്തി. അര്‍ഹരായ മുഴുവനാളുകള്‍ക്കും പട്ടയം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു. മൂന്നു ചെയിന്‍ മേഖലയിലെ അര്‍ഹരായവര്‍ക്ക് പട്ടയം നല്കാവുന്നതാണ്. ഇത്തരത്തില്‍ പട്ടയം നല്കുന്നതിന് വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തടസമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. നാലേക്കര്‍ വരെ കാര്‍ഷിക ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നാണ് തന്റെ നിലപാടെന്നും പട്ടയ വിതരണം നടത്തി മന്ത്രി എംഎം മണി കൂട്ടിച്ചേര്‍ത്തു. സമയബന്ധിതമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ മുഴുവനാളുകള്‍ക്കും പട്ടയം നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമമെന്ന് ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. കീരിത്തോട് കുറ്റിയാനിക്കല്‍ ജോസഫ് ദേവസ്യ, മന്ത്രി എം.എം.മണിയില്‍ നിന്നും ആദ്യ പട്ടയം ഏറ്റുവാങ്ങി.

വിവിധ ഭൂമിപതിവ് ഓഫീസുകളില്‍ നിന്നും തയ്യാറായിട്ടുള്ളത് ഉള്‍പ്പെടെ 2199 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്. കട്ടപ്പന വില്ലേജിലെ തവളപ്പാറയില്‍ പ്രകൃതിക്ഷോഭത്തില്‍ ഭൂമി നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിച്ച ഭൂമിയുടെ പട്ടയവും മേളയില്‍ വിതരണം ചെയ്തു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത എണ്ണം പട്ടയമാണ് വേദിയില്‍ വിതരണം ചെയ്തത്. ബാക്കിയുള്ളവര്‍ക്ക് ക്രമമനുസരിച്ച് അറിയിപ്പ് നല്കി പട്ടയം വിതരണം ചെയ്യും. മുന്‍ പട്ടയമേളകളിലൂടെ ഈ സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ 29,681 പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു.

ജില്ലയിലെ കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിലെ പ്രവര്‍ത്തന പരിധിയില്‍ ഉള്ള വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, അറക്കുളം, നെയ്യശ്ശേരി വില്ലേജുകളില്‍ ആദിവാസി സെറ്റില്‍മെന്റുകളിലെ പട്ടികവര്‍ഗ്ഗ പട്ടികജാതി വിഭാഗക്കാരുള്‍പ്പെടെയുള്ള 15,000 ലധികം കുടുംബങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ നീക്കി പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ പട്ടയം നല്‍കിയത്. കഞ്ഞിക്കുഴി, ഇടുക്കി, വാഴത്തോപ്പ് പ്രദേശങ്ങളിലെ 8,500 ഓളം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനവും പട്ടയവിതരണവും നടന്നിരുന്നു.

കഞ്ഞിക്കുഴിയില്‍ നടന്ന യോഗത്തില്‍ മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ്, മുന്‍ എംഎല്‍എ കെ.കെ ജയചന്ദ്രന്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി എം, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടില്‍, കെഎസ്ആര്‍ടിസി ഡയറക്ട് ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ ശിവരാമന്‍, എം.എസ് മുഹമ്മദ്, അനില്‍ കൂവപ്ലാക്കല്‍, കെ.എന്‍ മുരളി, ത്രിതലപഞ്ചായത്തംഗങ്ങളായ വിഷ്ണു ചന്ദ്രന്‍, കെ.എം ജലാലുദ്ദീന്‍, സന്തോഷ് കുമാര്‍, ഡെപ്യൂട്ടികളക്ടര്‍ അലക്സ്, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#pattayamela2020
#idukkidistrict
#kanjikkuzhi