സര്‍വ മേഖലയിലും സുതാര്യവും കാര്യക്ഷമവുമായ പദ്ധതികള്‍ നടപ്പാക്കി ജന വിശ്വാസം ആര്‍ജ്ജിച്ച് കരുത്തോടെ മുന്നേറുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ആധുനിക വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളില്‍ ജനകീയ മാതൃക തീര്‍ക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. കൃഷി മൃഗസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ സര്‍വ്വ മേഖലകളിലും പുതിയ വികസന ചരിത്രം കുറിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഉല്പാദന മേഖലയില്‍ 12 കോടിയുടെയും സേവന മേഖലയില്‍ 16 കോടിയുടെയും വികസനം പഞ്ചായത്തില്‍ നടപ്പാക്കി. കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമമാക്കി തില്ലങ്കേരിയെ മാറ്റാന്‍ ഭരണ സമിതിക്ക് സാധിച്ചു. ചെണ്ടുമല്ലി, പാഷന്‍ഫ്രൂട്ട്, എള്ള്, രാമച്ചം, ഇഞ്ചി കൃഷിയിലൂടെ പുതിയ സംരംഭങ്ങളിലേക്ക് കടന്ന നടപടിയും ശ്രദ്ധേയവും മാതൃകാപരവുമാണ്. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു.
എം എല്‍ എയുടെ ആസ്തി വികസന ഫണ്ട്, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ശ്മശാനം നിര്‍മിച്ചത്. 1.37 കോടി രൂപയാണ് ചെലവ്. ഗ്യാസ് ഫര്‍ണര്‍, ചിമ്മിനി, ജനറേറ്റര്‍ എന്നിവയ്ക്കായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാര്‍ഗരറ്റ് ജോസ്, തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ കാര്‍ത്യായനി, അംഗം പ്രശാന്തന്‍ മുരിക്കോളി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ്, വൈസ് പ്രസിഡണ്ട് സി ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ശ്രീധരന്‍, അംഗങ്ങളായ യു സി നാരായണന്‍, ടി മുനീര്‍, എ കെ ശങ്കരന്‍, സെക്രട്ടറി അശോകന്‍ മലപ്പിലായി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
