സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ റീച്ച് (REACH – Resource Enhancement Academy for Career Heights) ഫിനിഷിംഗ് സ്‌കൂളിലെ സ്വാശ്രയ കോഴ്‌സുകളില്‍10 ശതമാനം മുതല്‍20 വരെമറ്റ് ജെണ്ടറില്‍ ഉള്ളവരെയും പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിലവില്‍ വനിതകള്‍ക്ക് മാത്രമാണ് റീച്ച് കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കി വരുന്നത്.റീച്ച് ഫിനിഷിംഗ് സ്‌കൂളുകള്‍ക്ക് സ്വാശ്രയത്വം കൈവരിക്കുന്നതിന് സഹായകമാകും എന്ന നിലയിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടു കൂടി വിവിധ കോളേജുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിവിധ ജെണ്ടറുകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍,ഉദ്യോഗാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ബാച്ചുകളായി പരിശീലനം നല്‍കുന്നതിന് റീച്ച് ഫിനിഷിംഗ് സ്‌കൂളിന് സാധിക്കും.വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പ്രാപ്തരാക്കുന്നതിനും ജോലി നേടി എടുക്കുന്നതിനും വേണ്ടി ഒ.ഡി.ഇ.പി.സി, സി.എം.ഡി., കെ.എസ്.ഡബ്ല്യു.ഡി.സി.എന്നിവ സംയുക്തമായി ആരംഭിച്ച നഴ്‌സിംഗ് പരിശീലന പരിപാടിയായ ആസിപിന്‍ (ASEPN) കോഴ്‌സില്‍ മറ്റ് ജെണ്ടറുകളില്‍ ഉള്ളവര്‍ക്ക് പ്രവേശനം നേടാന്‍ കഴിയുന്നതാണ്.

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട്2009ലാണ് റിച്ച് സ്ഥാപിച്ചത്. തിരുവനന്തപുരത്തും കണ്ണൂരിലും അന്താരാഷ്ട്ര നിലവാരമുള്ള ഈ സ്‌കുളുകളിലൂടെ നിരവധി വനിതകള്‍ക്ക് തൊഴില്‍ നേടുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആവശ്യമായ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ഫിനിഷിംഗ് സ്‌കൂള്‍ എന്നതിലുപരി വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായി റീച്ച് ഉയര്‍ന്നിട്ടുണ്ട്.