ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ മത്സ്യ മാർക്കറ്റുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. ആറ്  മാർക്കറ്റുകളുടെ 13.97 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മാർക്കറ്റുകളുടെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 65 മാർക്കറ്റുകൾ 193 കോടി രൂപ ചെലവിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ആറ്് മാർക്കറ്റുകളുടെ നിർമ്മാണം ആരംഭിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്  നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ചടങ്ങിൽ വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ പുത്തൻചന്ത മാർക്കറ്റിന് 2.15 കോടി രൂപയും, നടുക്കാട് മാർക്കറ്റിന് 2.13 കോടി രൂപയും, പനച്ചമൂട് മാർക്കറ്റിന് 4.62 കോടി രൂപയും കൊല്ലം ജില്ലയിലെ കടപ്പാക്കട മാർക്കറ്റിനായി 1.50 കോടി  രൂപയും,  തങ്കശ്ശേരി മാർക്കറ്റിന് 2.10 കോടി രൂപയും, മൂന്നാംകുറ്റി മാർക്കറ്റിന് 1.40 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. ഗുണമേൻമയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും,  മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതികമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനും, മത്സ്യ വിപണന ശൃംഖല വിപുലീകരിക്കുന്നതിനുമാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  മത്സ്യമാർക്കറ്റുകളുടെ നവീകരണം ലക്ഷ്യമിടുന്നത്.

മാർക്കറ്റുകളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷൻ മുറി, ശുചി മുറി, ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടാകും. ഓരോ മാർക്കറ്റ് സ്റ്റാളിലും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ഡിസ്‌പ്ലേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവയും ഉണ്ടാകും. രണ്ട് ബ്ലോക്കുകളായാണ് മാർക്കറ്റുകളുടെ രൂപകൽപ്പന.  ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന വിധമാണ് ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. തറയിൽ ആന്റിസ്‌കിഡ് ഇൻഡസ്ട്രിയൽ ടൈലുകളാണ് പാകുന്നത്.

ആധുനിക സൗകര്യങ്ങളോടെ ടോയിലെറ്റുകൾ, ഇന്റർലോക്കിംഗ് പാകിയ പാർക്കിംഗ്, ഫ്രീസർ, മതിയായ ഡ്രെയിനേജ് സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
ചടങ്ങിൽ എം.എൽ.എമാരായ അഡ്വ. വി. ജോയ്, അഡ്വ. ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രൻ, എൻ. നൗഷാദ്, എം. മുകേഷ്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.