സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയാണെന്നും ജനപക്ഷത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ചെറുതോണി പാറെപ്പറമ്പില്‍ സജീവന്റെ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവനരഹിതര്‍ക്ക് ഭവനമുണ്ടാക്കി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ ഒന്നാണ്. സംസ്ഥാനമൊട്ടാകെ കെയര്‍ ഹോം പദ്ധതി പ്രകാരം മനോഹരമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം തന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. 14 ജില്ലയിലും ഓരോ ഫ്ലാറ്റ് എന്ന നിലയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. സജീവന് വീട് വെച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും സഹകരണ വകുപ്പും നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സജീവന്റെ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിന് തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സജീവന്റെ വീടിന്റ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകനെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. നിര്‍മാണം പൂര്‍ത്തികരിച്ച ഭവനത്തിന്റെ താക്കോല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍ സജീവനും കുടുംബത്തിനും കൈമാറി.
2018 ലെ മഴക്കെടുതിയില്‍ വീട് തകര്‍ന്നതിന് ശേഷം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒറ്റമുറിയിലാണ് ഇടുക്കി ചെറുതോണി സ്വദേശിയായ സജീവനും അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയും പത്തിലും ഏഴിലും പഠിക്കുന്ന പെണ്‍മക്കളും ആറുവയസ്സുകാരന്‍ മകനും കഴിയുന്നത് എന്ന് പത്രവാര്‍ത്തയിലൂടെയാണ് സര്‍ക്കാരിന്റെയും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ശ്രദ്ധയില്‍ വരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ കുടുംബത്തെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജീവനും കുടുംബത്തിനുമായി കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തിയാണ് സുരക്ഷിതഭവനം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കിയത് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുമെന്ന് യോഗത്തില്‍ സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍ അറിയിച്ചു.
യോഗത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ നരസിംഹഗാരി റ്റിഎല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണം വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം സുരേഷ് പിഎസ്, സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ എച്ച് അന്‍സാരി, ജോയിന്റ് ഡയറക്ടര്‍ എംകെ വിശ്വനാഥന്‍, പ്ലാനിങ് എആര്‍ സിസി മോഹനന്‍, ഇടുക്കി എആര്‍ സോമന്‍ പിഎം, കെപിഒഎ സംസ്ഥാന ട്രഷറര്‍ കെഎസ് ഔസേപ്പ്, സെക്രട്ടറി പികെ ബൈജു, ഇജി മനോജ്കുമാര്‍, സെല്‍വന്‍ ചാര്‍ളിസ് തുടങ്ങിയവര്‍ പങ്കെടുത്തു.