ആലപ്പുഴ: കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നതിനായി സര്‍ക്കാരും ആരോഗ്യവകുപ്പും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ജില്ലയില്‍ തുടങ്ങുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. എല്ലാ വ്യാഴാഴ്ചകളിലും 12 മണി മുതല്‍ 2 മണി വരെ ആയിരിക്കും പ്രവര്‍ത്തന സമയം.

കോവിഡ് രോഗത്തിന് ചികിത്സ പൂര്‍ത്തിയാക്കിയാലും മൂന്ന് ആഴ്ച മുതല്‍ മൂന്ന് മാസത്തിനിടയില്‍ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടു വരുന്നു. കോവിഡ് രോഗ പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ശരീര കോശങ്ങളിലും നാഡികളിലും നീര്‍വീക്കമുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് ഗ്രന്ധി, മസ്തിഷ്കം, കുടല്‍, ത്വക്ക്, കണ്ണ് തുടങ്ങി അവയവങ്ങളെ ബാധിക്കുന്നു. ശ്വാസ കോശം ചുരുങ്ങല്‍, ദഹന സംബന്ധിയായ പ്രശ്നങ്ങള്‍, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, പ്രമേഹം, മണവും രുചിയുമറിയാത്ത അവസ്ഥ, ത്വക്ക് രോഗങ്ങള്‍ എന്നിവയുമുണ്ടാകാം.

കോവിഡ് ചികിത്സക്കു ശേഷവും അമിതക്ഷീണം, ശ്വാസതടസ്സം, ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അങ്ങനെയുള്ളവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അതത് സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകരെ ഫോണിലൂടെ അറിയിച്ച് നിര്‍ദ്ദേശമനുസരിച്ച് ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രത്തിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ നിന്നും ചികിത്സ തേടുക. എന്നാല്‍ നിരപ്പായ പ്രതലങ്ങളിലൂടെ സാവകാശം നടക്കുമ്പോഴോ ഇരുന്നോ കിടന്നോ വിശ്രമത്തിലായിരിക്കുമ്പോഴോ കിതപ്പനുഭവപ്പെടുക, കൈകള്‍ക്കോ, കാലിനോ ഉള്ള ബലക്കുറവ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, നെഞ്ചുവേദന, ഒരു കാലില്‍ മാത്രം നീര്, കണ്ണിലിരുട്ടു കയറി തലചുറ്റുക എന്നി ലക്ഷണങ്ങളില്‍ ഏത് അനുഭവപ്പെട്ടാലും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോവുക.

കോവിഡ് രോഗം ഭേദമായവര്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. കാപ്പിയുടെ ഉപയോഗം നിയന്ത്രിക്കണം. വീട്ടിലെത്തിയാല്‍ പരിപൂര്‍ണ്ണ വിശ്രമമെടുക്കേണ്ടതാണ്. നെഞ്ചിടിപ്പ്, ശ്വാസഗതി എന്നിവയുടെ വ്യതിയാനം കൃത്യമായി സ്വയം നിരീക്ഷിക്കേണ്ടതാണ്. ശ്വസന സംബന്ധിയായ ലഘു വ്യായാമം ചെയ്യാവുന്നതാണ്. വായടച്ച് മൂക്കിലൂടെ ശ്വാസമെടുത്ത ശേഷം സാവകാശം ശ്വാസം പുറത്തു വിടുക. വായു ഉള്ളിലേക്കെടുക്കുന്നതിന്‍റെ ഇരട്ടി സമയമെടുത്ത് ശ്വാസം പുറത്തു വിടുക. കോവിഡ് ഭേദമായാലും ഉടനെ കഠിനമായ വ്യായാമം ചെയ്യേണ്ടതില്ല.

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് രോഗിയുടെ പ്രായം, ലിംഗം, കോവിഡ് രോഗലക്ഷണങ്ങളുടെ തീവ്രത ഇവയൊന്നും ബാധകമല്ല. അതുകൊണ്ട് കോവിഡ് രോഗം പിടിപെടാതിരിക്കാന്‍ ശരിയായി മാസ്ക് ധരിക്കുകയും സാമൂഹിക അകലമുറപ്പാക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യാം. കോവിഡ് രോഗം പോലെ തന്നെ അപകടകരമാണ് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും.