ആലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്തു -രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നടപ്പാക്കുന്ന വികസന -ക്ഷേമ പദ്ധതികള്‍ പ്രശംസനീയമാണെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാനത്തു തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന ബ്ലോക്കുകളില്‍ ഒന്നാണ് അമ്പലപ്പുഴ. ഏറ്റെടുക്കുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതാണ് ബ്ലോക്കിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കോവിഡ് -19 രോഗികള്‍ക്കായി ഡയാലിസിസ് യൂണിറ്റ്

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ കോവിഡ് രോഗികള്‍ക്കായി ഡയാലിസിസ് യൂണിറ്റ് അനുവദിച്ചു. കോവിഡ് സ്പെഷ്യല്‍ പ്രൊജക്റ്റായി ഏറ്റെടുത്ത പ്രവൃത്തിക്കായി 28,50,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിനായി അനുബന്ധ ഉപകരണങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഒരുക്കി നല്‍കും.

ഘടകസ്ഥാപനങ്ങളുടെ നവീകരണവും മറ്റ് അനുബന്ധ പ്രവൃത്തികളും

ബ്ലോക്ക് പഞ്ചായത്തിന്റെ 2018-2019,2019-20,2020-21
സാമ്പത്തിക വര്‍ഷങ്ങളായി ഏറ്റെടുത്തിട്ടുള്ള ഘടകസ്ഥാപനങ്ങളുടെ നവീകരണവും മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 3727000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളായ പട്ടികജാതി വികസന ഓഫീസ്, ക്ഷീര വികസന ഓഫീസ്, ഐ. സി. ഡി. എസ് ഓഫീസ് എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു.

പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റ്

ബ്ലോക്ക് പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത പദ്ധതിയാണ് പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റ്. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും 15,58,800 രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ സംസ്‌കരിക്കുന്ന പദ്ധതിയാണിത്. ക്‌ളീന്‍ കേരള കമ്പനി ലിമിറ്റഡുമായി കരാര്‍ വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിത കര്‍മ്മ സേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചു ബെയിലിംഗ് മെഷീന്‍ ഉപയോഗിച്ച് ബണ്ടിലുകള്‍ ആക്കി മാറ്റി ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറും.

പാടശേഖര സമിതികള്‍ക്ക് ആക്‌സിയല്‍ ഫ്‌ലോ പമ്പ്

ബ്ലോക്കിന് കീഴിലെ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്ക് ജലസേചന സൗകര്യങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് പാടശേഖരങ്ങള്‍ക്ക് ആക്‌സിയല്‍ ഫ്‌ലോ പമ്പ് നല്‍കുക എന്നത്. പരമ്പരാഗത സംവിധാനമായ പെട്ടിയും പറയും ഉപയോഗിച്ച് ജലസേചനം നടത്തുന്നതില്‍ പാടശേഖരങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. 15 എച്. പിയുടെ 3 മോട്ടറും,50 എച്. പിയുടെ ഒരു മോട്ടറും വിവിധ പാടശേഖരങ്ങള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. 50,00000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ജുനൈദ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.