*തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികള്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു

സംസ്ഥാനത്ത് ജോലിചെയ്യാന്‍ എത്തുന്ന അതിഥിത്താഴിലാളികള്‍ക്ക് സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ബാധകമായ എല്ലാ നിയമ പരിരക്ഷയും ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ എണ്ണം, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ അതിഥിത്തൊഴിലാളികള്‍ക്കായി ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികള്‍ക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആവാസ് പദ്ധതി ആരംഭിക്കുന്നത്. എല്ലാ അതിഥിത്തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണ് ശ്രമം. ആവാസ് കാര്‍ഡിലെ ചിപ്പില്‍ തൊഴിലാളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്താനാവും. പദ്ധതിയില്‍ അംഗമാവുന്ന തൊഴിലാളിക്ക് 15000 രൂപ വരെ ചികിത്സാ സഹായം ലഭിക്കും. തൊവിലാളി മരണപ്പെട്ടാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിഥിത്തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലഭ്യമാവും. എല്ലാ ഭാഷയിലും ആശയ വിനിമയം നടത്താന്‍ പ്രാപ്തരായ ഉദ്യോഗസ്ഥരുടെ സേവനം ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലഭിക്കും. ഏപ്രിലില്‍ എറണാകുളത്തെ പെരുമ്പാവൂരും കോഴിക്കോടും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം ഓഫീസുകളാരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍ സ്വാഗതം പറഞ്ഞു. പ്ലാനിംഗ് ബോര്‍ഡ് അംഗം രവിരാമന്‍, തിരുവനന്തപുരം എഡിഎം ജോണ്‍ വി. സാമുവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.