കൊല്ലം ജില്ലയില്‍ കോവിഡ് ഭേദമായവര്‍ക്ക് കോവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. രോഗം ഭേദമായവരില്‍ ചിലര്‍ക്ക് ആകാംഷ, മ്ലാനത, നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം, ഉറക്കക്കുറവ്, തലചുറ്റല്‍, സ്‌ട്രോക്ക്, നിരാശ, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍, തലച്ചോറ്, കിഡ്‌നി, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡാനന്തര ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രം/സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി തലങ്ങളിലാണ് ക്ലിനിക്കുകള്‍. പ്രഥമികാരോഗ്യകേന്ദ്രം/സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ വ്യാഴാഴ്ച്ചയും, താലൂക്ക് ആശുപത്രികളില്‍ വെള്ളിയാഴ്ച്ചയും, ജില്ലാ ആശുപത്രികളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച്ചയുമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. സമയം ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ കോവിഡ് സംബന്ധിച്ച് വിദഗ്‌ധോപദേശം ആവശ്യമുള്ള ഘട്ടത്തില്‍ ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍/ഇ-സഞ്ജീവനി വഴി ബന്ധപ്പെടാം. ഇതിനായി ജില്ലയില്‍ നാലു കോവിഡ് കണ്‍ട്രോള്‍ യൂണിറ്റുകളുണ്ട്.
