സമ്മതിദായക പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ (സമ്മര്‍ റിവിഷന്‍) ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സമയ വിവര പട്ടികയുടെ കാലയളവിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഒരു വ്യക്തി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ) മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷ  നിരസിച്ചാല്‍ അതിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. അപ്പീല്‍, അപ്പീല്‍വാദി ഒപ്പുവെച്ച ഒരു മെമ്മോറാണ്ടത്തിന്റെ രൂപത്തിലായിരിക്കണം. അപ്പീല്‍ ബോധിപ്പിക്കുന്ന ഉത്തരവിന്റെ പകര്‍പ്പ്, 10 രൂപ ഫീസ് എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കണം. ഫീസ് നോണ്‍ജുഡീഷ്യല്‍ സ്റ്റാമ്പുകളായോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന രീതിയിലോ ആണ് നല്‍കേണ്ടത്. ഫീസ് കൊടുത്തതിന് തെളിവായി ഉദ്യോഗസ്ഥന്‍ നല്‍കിയ രസീത് അപ്പീലിനൊപ്പം വെക്കണം. ഉത്തരവ് നിരസിച്ച തിയ്യതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നേരിട്ടോ രജിസ്റ്റേര്‍ഡായോ അപ്പലേറ്റ് അധികാരി (ജില്ലാ കലക്ടര്‍) ക്ക് സമര്‍പ്പിക്കേണ്ടത്. അപ്പീല്‍വാദിയുടെ സമ്മതിദായകനാവാനുള്ള അവകാശവാദം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ജില്ലാ കലക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍  ഇ.ആര്‍.ഒ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതാണ്. ഇപ്രകാരമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ നവംബര്‍ 19 വരെ നടത്താവുന്നതാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സമയ വിവര പട്ടികയുടെ കാലയളവിനുള്ളില്‍ നല്‍കുന്ന അപേക്ഷ നിരസിച്ചാല്‍ മാത്രമേ അപ്പീല്‍ നല്‍കാന്‍ സാധിക്കുകയുള്ളു.