ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര്‍ മരണമടഞ്ഞതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ചൊവ്വാഴ്ച (ഏപ്രില്‍ 10) നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടിയിരുന്നു. ഇദ്ദേഹത്തിന്റെയും, കാണാതായ 91 പേരുടെയും കുടുംബാംഗങ്ങളായ 365 പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം നിക്ഷേപിച്ചതിന്റെ രേഖകള്‍ കൈമാറുക. ഈ മാസം 10ന്  വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ധനസഹായ വിതരണം നിര്‍വഹിക്കും. തിരുവനന്തപുരം വെട്ടുകാട് പള്ളി പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓഖി ദുരന്തത്തില്‍ പെട്ടവരില്‍ ഇനിയും കണ്ടുകിട്ടാത്തവരെ മരിച്ചതായി കണക്കാക്കി കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് നല്‍കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 49 പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടുകിട്ടിയിരുന്നു. ഇവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നിക്ഷേപിച്ചതിന്റെ രേഖകള്‍ നേരത്തെ കൈമാറിയിരുന്നു. ഓഖി ദുരന്തത്തില്‍ പെട്ട് ആകെ മരണമടഞ്ഞത് 141 പേരാണെന്നാണ് ഇതോടെ ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപിച്ച തുകയുടെ പലിശ കൃത്യമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.