* ‘ഹഡിൽ കേരള’ ഉദ്ഘാടനം ചെയ്തു

സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതിൽ കേരളം രാജ്യത്ത് മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സ്റ്റാർട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡിൽ-കേരള’ ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സ്റ്റാർട്ട് അപ്പ് ഭൂപടത്തിൽ കേരളത്തിന് പ്രമുഖസ്ഥാനം നേടിയെടുക്കാനായി സർക്കാർ വിവിധ ഏജൻസികളുമായി ചേർന്ന് സജീവമായ പ്രവർത്തങ്ങൾ നടത്തുകയാണ്. വിനോദസഞ്ചാരികളുടെ മുൻനിര ആകർഷണകേന്ദ്രമെന്ന ഖ്യാതിയായിരുന്നു സംസ്ഥാനത്തിന് മുമ്പുണ്ടായിരുന്നത്. ഇപ്പോൾ സ്റ്റാർട്ട് അപ്പുകളെ ആകർഷിക്കാനാവുന്ന മികച്ച ലക്ഷ്യകേന്ദ്രമെന്ന പേരും നേടി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി നമ്മുടെ നാട്ടിലെ പ്രതിഭകളെയും കണ്ടുപിടുത്തങ്ങളെയും കണ്ടെത്തി പ്രോത്‌സാഹിപ്പിക്കാനുള്ള കേരള മാതൃക നമ്മൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ശക്തമായ അന്തരീക്ഷം മറ്റ് സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള സ്റ്റാർട്ട് അപ്പുകൾക്കും മികച്ച അവസരങ്ങൾ ഒരുക്കും.
സ്റ്റാർട്ട് അപ്പ് മിഷൻവഴി സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ആദ്യമായൊരു സ്റ്റാർട്ട് അപ്പ് നയമുണ്ടാക്കി സംസ്ഥാനമാണ് കേരളം. പുതുസംരംഭങ്ങളുടെ വിജയത്തിന് എന്തെല്ലാം ഇടപെടലുകൾ ആവശ്യമാണെന്ന് കണ്ടെത്തി സൂചിപ്പിക്കുന്ന രണ്ടാമത് നയരേഖയും 2017ൽ പുറത്തിറക്കി.
സ്റ്റാർട്ട് അപ്പ് ആശയങ്ങളുമായി വരാനുള്ള യുവാക്കളുടെ താത്പര്യം മനസിലാക്കി യുവ സംരംഭകത്വ വികസനത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർഥികളുടേയും പ്രൊഫഷണലുകളുടേയും സംരംഭകത്വവും നൂതനാശയങ്ങളും പ്രോത്‌സാഹിപ്പിക്കാനും സ്റ്റാർട്ട് അപ്പ് നയത്തിൽ പദ്ധതികളുണ്ട്. നിലവിൽ 1000ൽ അധികം സ്റ്റാർട്ട് അപ്പുകൾ സ്റ്റാർട്ട് അപ്പ് മിഷനുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പ്രത്യാശയുളവാക്കുന്നതാണ്. രണ്ടു ലക്ഷം ചതുരശ്ര അടി ഇൻകുബേഷൻ സ്‌പേസ് സ്റ്റാർട്ട് അപ്പുകൾക്കായി ഒരുക്കിയിട്ടുണ്ട്.
സമൂഹത്തിന് മുതൽക്കൂട്ടാകുന്ന നൂറിലധികം ആശയങ്ങൾ സ്റ്റാർട്ട് അപ്പ് മിഷൻ കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഇവർക്ക് ഇന്നവേഷൻ ഗ്രാൻറ് നൽകി ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സഹായിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപത്തിനായി ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയും സർക്കാർ തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ പദ്ധതി ഒരുപാട് സംരംഭങ്ങൾക്ക് സഹായമായിട്ടുമുണ്ട്. നമ്മുടെ സ്റ്റാർട്ട് അപ്പുകൾ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ട് അപ്പ് മിഷൻ സി-ഡാക്കുമായി സഹകരിച്ച് രൂപം നൽകിയ ‘ഇന്നവേഷൻ പ്ലാറ്റ്‌ഫോം’, സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ ആഗോള ഇന്നവേഷൻ ചലഞ്ച്, നാസ്‌കോം ഫൗണ്ടേഷനുമായി ചേർന്ന് ഐ.ഐ.ഐ.ടി.എം-കെയിൽ സിസ്‌കോ ‘തിങ്കുബേറ്റർ’ പ്രോഗ്രാം, കേരളത്തിൽ സിസ്‌കോ നെറ്റ്‌വർക്കിംഗ് അക്കാദമി പ്രോഗ്രാം എന്നീ പദ്ധതികൾക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തുടക്കമിട്ടു.
ഷാർജ സർക്കാരിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും ഡിജിറ്റൽ കമ്യൂണിക്കേഷൻ ചെയർമാനുമായ ശൈഖ് ഫഹീം ബിൻ സുൽത്താൻ അൽ ഖാസിമി മുഖ്യാതിഥിയായിരുന്നു.
യു.എ.ഇയും ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളതെന്നും ഡിജിറ്റൽ വികസന, വിനിമയ രംഗത്ത് ഈ കൂട്ടായ്മ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യസമ്പന്നരും സാങ്കേതിക ജഞാനമുള്ളവരുമായ സമൂഹം വിവരവിനിമയരംഗത്തെ വികാസത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് സഹായമാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻറർനെറ്റ് ആൻറ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. സുബോ റോയ്, നാസ്‌കോം ഫൗണ്ടേഷൻ ചെയർമാൻ ശ്രീകാന്ത് സിൻഹ, ചീഫ് സെക്രട്ടറി പോൾ ആൻറണി, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സ്റ്റാർട്ട് അപ്പുകളെയും മികച്ച നിക്ഷേപകരെയും സാങ്കേതിക വിദഗ്ധരെയും വ്യവസായപ്രമുഖരെയും ഒന്നിപ്പിക്കുന്ന ‘ഹഡിൽ കേരള’ സമ്മേളനം ഇന്നു സമാപിക്കും. വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും അവയ്ക്ക് സമാന്തരമായി നടക്കുന്ന ചർച്ചകളും നെറ്റ്‌വർക്കിംഗ് സെഷനുകളും കൂടിയാലോചനകളും സമ്മേളനത്തിലുണ്ട്.

സമ്മേളനത്തിൽ പ്രഭാഷണത്തിനെത്തുന്നവരിൽ വ്യവസായ പ്രമുഖർക്കുപുറമേ വിജയകരമായി സ്റ്റാർട്ട് അപ്പുകൾ മുന്നോട്ടുകൊണ്ടുപോകുന്നവരും സംരംഭകരും നിക്ഷേപകരുമുണ്ട്. ‘സോഹോ’ പ്രതിനിധി കുപ്പുലക്ഷ്മി കൃഷ്ണമൂർത്തി, ട്രൂ കോളർ സഹ സ്ഥാപകൻ നമി സരിങാലം തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ബ്‌ളോക്ക് ചെയിൻ, ക്രിപ്‌റ്റോകറൻസി, ഇൻറർനെറ്റ് ഓഫ് തിംഗ്‌സ്, ഗെയിമിംഗ്, ഇ-സ്‌പോർട്‌സ്, സൈബർ സുരക്ഷ, ഡിജിറ്റൽ വിനോദങ്ങൾ,ഓഗ്‌മെൻറഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, നിർമിത ബുദ്ധി, ഇ-ഗവേണൻസ്, എം-ഗവേണൻസ്, യൂസർ ഇൻറർഫെയ്‌സ്, യൂസർ അനുഭവം തുടങ്ങിയവയിലാണ് ‘ഹഡിൽ കേരള’ പ്രധാനശ്രദ്ധ നൽകുന്നത്.